വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

Update: 2021-12-10 13:22 GMT

തിരൂര്‍: വ്യാജവാര്‍ത്തകള്‍ പടച്ചു വിടുന്ന ആധുനിക മാധ്യമ പ്രവണത വലിയ ആപത്തിലേക്കു നയിക്കുമെന്നും അതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി വി അബ്ദുറഹിമാന്‍. ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിച്ചും വസ്തുതകള്‍ വളച്ചൊടിച്ചും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം വര്‍ധിപ്പിക്കാനുള്ള ശ്രമം വ്യാപകമാണ്. ഇത്തരം മാധ്യമങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണ്ടതുണ്ട്. അവാസ്തവങ്ങള്‍ വാര്‍ത്തയായി നല്‍കുന്ന സ്ഥാപനങ്ങളെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ ചമയുന്ന വ്യാജന്‍മാരും വര്‍ധിച്ചിട്ടുണ്ട്. ഇവരാണ് മാധ്യമ എത്തിക്‌സുകളെല്ലാം കാറ്റില്‍ പറത്തി പെയ്ഡ് ന്യൂസുകള്‍ക്ക് പുറകേ പോകുന്നത്. ഇത്തരക്കാരെ യഥാര്‍ത്ഥ മാധ്യമങ്ങള്‍ തുറന്നു കാട്ടണം. മാധ്യമ രംഗവും മലീമസമാകുന്ന ഇക്കാലത്ത് ഗാന്ധിജിയും സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും നല്‍കിയ സംഭാവനകള്‍ നാം ഓര്‍ക്കണം- തുഞ്ചന്‍പറമ്പില്‍

മാധ്യമ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ബഷീര്‍ പുത്തന്‍ വീട്ടിലിനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബഷീര്‍ പുത്തന്‍ വീട്ടിലിനുള്ള ആദരവ് തിരുരിലെ മാധ്യമ സമുഹത്തിനുളള ആദരവാണെന്ന് മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ പി പി അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. തിരുര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ പി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. യു സൈനുദ്ദീന്‍, തുഞ്ചന്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. കെ ശ്രീകുമാര്‍, മലയാള സര്‍വ്വകലാശാല മാധ്യമ വിഭാഗം മേധാവി ഡോ. ആര്‍ രാജീവ് മേനോന്‍, സാക്ഷരതാ മിഷ്യന്‍ ജില്ലാ കോഡിനേറ്റര്‍ സി അബ്ദു റഷീദ്, മാധ്യമ പ്രവര്‍ത്തകന്‍ കെപിഒ റഹ്മത്തുള്ള, നോവലിസ്റ്റ് തിരുര്‍ ദിനേശ്, അരങ്ങ് സെക്രട്ടറി അനില്‍ കോവിലകം, തിരുര്‍ ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍ കോഡിനേറ്റര്‍ സേല്‍ട്ടി തിരൂര്‍, സംഘാടക സമിതി കോഡിനേറ്റര്‍ ഇ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ കണ്‍വിനര്‍ മുജിബ് താനാളൂര്‍ സ്വാഗതവും കണ്‍വീനര്‍ വി കെ റഷീദ് നന്ദിയും പറഞ്ഞു.

Tags: