വഖ്ഫ് ഭൂമി കയ്യേറി നിര്‍മിച്ച സ്‌കൂള്‍ ഉദ്ഘാടനത്തിന് മന്ത്രി; പ്രതിഷേധം വ്യാപകം
പിസി അബ്ദുല്ല
കോഴിക്കോട്: സംസ്ഥാന വഖ്ഫ് ബോര്‍ഡ് തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ട കയ്യേറ്റഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതെന്ന് ആരോപിക്കപ്പെടുന്ന സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് മന്ത്രി എത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം.
കോഴിക്കോട് മാവൂര്‍ താത്തുര്‍ ശുഹദാക്കളുടെ പള്ളിയോടു ചേര്‍ന്ന വിവാദ ഭൂമിയിലെ പുതിയ സ്‌കൂള്‍ കെടട്ടിടം ഉദ്ഘാടനം ശനിയാഴ്ചയാണ്. കയ്യേറ്റവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് വഖ്ഫ് മന്ത്രി വി അബ്ദുറഹ്മാന്‍ പിന്‍മാറിയ പരിപാടിയിലാണ് മന്ത്രി റിയാസ് പങ്കെടുക്കാമെന്നേറ്റത്.
വഖ്ഫ് കയ്യേറ്റവുമായി ബന്ധപ്പെട്ട അതീവ ഗൗരവമായ കണ്ടെത്തലുകളാണ് താത്തൂരില്‍ ഇതിനകം പുറത്തുവന്നത്. പള്ളിയുടെ കീഴില്‍ 76.94 ഏക്കര്‍ ഭൂസ്വത്തുക്കള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ പത്ത് ഏക്രയോളം മാത്രമാണുള്ളത്. 28 ഏക്കര്‍ അന്യാധിനപ്പെട്ടിട്ടില്ല എന്നാണ് കണ്ടെത്തലെങ്കിലും ആ ഭൂമിയിലും 18 ഏക്കറോളം സ്വകാര്യവ്യക്തികളുടെ കൈവശമാണുള്ളതെന്നാണ് വഖ്ഫ് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
സ്വകാര്യ മുതവല്ലി കുടുംബമടക്കം പലരും കൈവശം വക്കുന്ന താത്തൂര്‍ പള്ളിയോടു ചേര്‍ന്ന ബാക്കി ഭൂമിക്ക് കൃത്യമായ രേഖകളില്ലെന്നും വിജിലന്‍സിന്റേതടക്കമുള്ള അന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതേ തുടര്‍ന്നാണ് ടികെ ഹംസ ചെയര്‍മാനായ പുതിയ വഖ്ഫ് ബോര്‍ഡ് താത്തൂരിലെ വഖ്ഫ് സ്വത്തീക്കള്‍ തിരിച്ചു പിടിക്കാനും അനുബന്ധ നടപടികള്‍ക്കും 2021 ഡിസംബറില്‍ ഉത്തരവിട്ടത്.
താത്തൂര്‍ എഎംഎല്‍പി സ്‌കൂള്‍ സ്ഥിതി ചെയ്തത് വഖ്ഫ് കയ്യേറ്റ ഭൂമിയിലാണെന്ന് പ്രാഥമികമായ അന്വേഷണങ്ങളില്‍ വ്യക്തമായിരുന്നു. ഇതു സംബന്ധിച്ച വിശദമായ അന്വേഷണങ്ങളും വ്യവഹാരങ്ങളും നടന്നുവരികയാണ്. താത്തൂര്‍ ശുഹദാക്കളുടെ പള്ളിയോടു ചേര്‍ന്ന് ബ്രിട്ടീഷ് കാലം മുതല്‍ ഉണ്ടായിരുന്ന 76.94 വഖ്ഫ് ഭൂമി വിവിധ കാലയളവുകളില്‍ മുതവല്ലി ചമഞ്ഞും മറ്റും സ്വകാര്യ വ്യക്തികളും കുടുംബങ്ങളും കൈവശപ്പെടുത്തിയതിന്റെ നാള്‍ വഴികളും അന്വേഷണ വിധേയമാണ്.
വിവാദ ഭൂമിയില്‍ പുതുക്കിപ്പണിത സ്‌കൂള്‍ കെട്ടിടമാണ് ഏപ്രില്‍ രണ്ടിന് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്യുന്നത്. വഖ്ഫ് സ്വത്തുക്കളുടെ കയ്യേറ്റത്തിനെതിരെ പലപ്പോഴും രംഗത്തു വന്ന പിടിഎ റഹീം എംഎല്‍എ അടക്കമുള്ളവരും പരിപാടിയില്‍ പങ്കെടുക്കാമെന്നേറ്റിട്ടുണ്ട്.
1960 ല്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് നിലവില്‍ വരുന്ന ശേഷമുള്ള ആദ്യത്തെ പരാതിയായിരുന്നു താത്തൂര്‍ വഖ്ഫ് കയ്യേറ്റക്കേസ്. പള്ളി ഇമാമിന്റെ കുടുംബമടക്കം താത്തൂരിലെ വഖ്ഫ് ഭൂമി കയ്യേറിയെന്ന പരാതികളാണ് നിലനില്‍ക്കുന്നത്.
