ജയിലില്‍ മന്ത്രി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന്; സംരക്ഷണം ആവശ്യപ്പെട്ട് ശ്രീലങ്കന്‍ തമിഴ് തടവുകാര്‍ സുപ്രിം കോടതിയില്‍

മന്ത്രി മദ്യലഹരിയിലായിരുന്നുവെന്നും തടവുകാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

Update: 2021-09-30 17:24 GMT

കൊളംബോ: ശ്രീലങ്കയിലെ അനുരാധപുര ജയിലിലെ എട്ട് തമിഴ് തടവുകാര്‍ വ്യാഴാഴ്ച രാജ്യത്തെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി, ജയില്‍ വകുപ്പ് മന്ത്രി ജയിലിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും തമിഴ് ഭൂരിപക്ഷമുള്ള വടക്കന്‍ പ്രവിശ്യയിലെ ഒരു ജയിലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് തടവുകാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.തങ്ങളുടെ ജീവനു ഭയം ഉണ്ടെന്നും തടവുകാര്‍ പരാതിപ്പെട്ടു.


ജയില്‍ മാനേജ്‌മെന്റ് ആന്‍ഡ് പ്രിസണേഴ്‌സ് റിഹാബിലിറ്റേഷന്‍ മന്ത്രിയായ ലോഹന്‍ രത്‌വട്ടെയാണ് സെപ്റ്റംബര്‍ 15 ന് അനുരാധപുര ജയിലിലെത്തി തമിഴ് തടവുകാരെ ഭീഷണിപ്പെടുത്തിയത്. തമിഴ് തടവുകാരോട് അര്‍ദ്ധവൃത്താകൃതിയില്‍ മുട്ട്കുത്തി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ശ്രീലങ്കയിലെ കുപ്രസിദ്ധമായ തീവ്രവാദ നിരോധന നിയമം (പിടിഎ) ചുമത്തപ്പെട്ട തമിഴ് തടവുകാരെയാണ് ഭീഷണിപ്പെടുത്തിയത്. പിടിഎ ചുമത്തിയവരുമായി ബന്ധപ്പെട്ട് എല്ലാ അധികാരവും രാഷ്ട്രപതി തനിക്ക് നല്‍കിയിട്ടുണ്ടെന്നും അവരെ വിട്ടയക്കുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യുമെന്നുമായിരുന്നു ഭീഷണി. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും അസഭ്യ പ്രയോഗം നടത്തുകയും ചെയ്തു. മന്ത്രി മദ്യലഹരിയിലായിരുന്നുവെന്നും തടവുകാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.


തീവ്രവാദ നിരോധന നിയമം (പിടിഎ) റദ്ദാക്കണമെന്ന് ശ്രീലങ്കയിലെ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. ഭരണകൂടങ്ങളുമായി വിയോജിപ്പുള്ളവരെ ലക്ഷ്യം വയ്ക്കാന്‍ ഈ നിയമം വ്യാപകമായി ഗുരുപയോഗം ചെയ്യപ്പെടുന്നതായും ആരോപണമുണ്ട്.




Tags:    

Similar News