പാര്‍ട്ടിയെ ആക്രമിച്ചാല്‍ ജി സുധാകരന്റെ കാര്യങ്ങള്‍ ഓരോന്നായി വെളിപ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാന്‍
ആലപ്പുഴ: ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആക്രമിച്ചാല്‍ ജി സുധാകരന്റെ കാര്യങ്ങള്‍ ഓരോന്നായി വെളിപ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാന്‍. ജി സുധാകരന്റെ വീട്ടിലെ തേങ്ങയിട്ടിട്ടല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതെല്ലാം ഉണ്ടാക്കിയതെന്നും ഒരാള്‍ തകരാവുന്നതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും സുധാകരന്‍ വര്‍ഗവഞ്ചകനും ചതിയനുമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
കൃഷ്ണപ്പിളള സ്മാരകം തകര്‍ത്തെന്നാണ് എന്നെക്കുറിച്ച് ആരോപണം. തകര്‍ക്കാന്‍ പോയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചേ പോകൂ. ഞാന്‍ സുധാകരന്റെയും സുധാകരന്‍ എന്റെയും നിഴലായി നിന്ന കാലമാണത്. മര്യാദകെട്ട വര്‍ത്തമാനമാണത്. ഞാനും തിരിച്ച് ആരോപണം ഉന്നയിച്ചാലോ? ജി സുധാകരനാണ് സ്മാരകം കത്തിക്കാന്‍ പോയതെന്ന് ഞാന്‍ പറഞ്ഞാലോ? എന്താണ് ജി സുധാകരന്‍, ആരാണ് ജി സുധാകരന്‍ എന്ന് ഞങ്ങള്‍ക്ക് പറയേണ്ടിവരുംമെന്നും സജി ചെറിയാന്‍ പറഞ്ഞു.
സുധാകരന്‍ ജയിച്ചാലും തോറ്റാലും കെ സി വേണുഗോപാലിന്റെ അന്ത്യമാണ്. കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും ഇല്ലാത്ത ആവേശം ജി സുധാകരന് വേണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു. 24 മണിക്കൂര്‍ കൊണ്ടാണ് ജി സുധാകരന്‍ വലതുപക്ഷമായതെന്നും സജി ചെറിയാന്‍ പരിഹസിച്ചു.
എല്‍ഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്നും വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.കോണ്‍ഗ്രസിലെ തമ്മിലടി വിനയായി. ലീഗിന്റെ പിന്തുണയാണ് യുഡിഎഫിനെ നയിച്ചത്. മതേതരത്വത്തെ സംരക്ഷിക്കാന്‍ യുഡിഎഫിനേക്കാള്‍ മികച്ചത് എല്‍ഡിഎഫാണ്. ന്യൂനപക്ഷ മേഖലയില്‍ നിന്ന് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പിന്തുണ ഇത്തവണ ലഭിച്ചു. ആലപ്പുഴ ജില്ലയില്‍ 8 സീറ്റുകളിലും ജയിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
