സംസ്ഥാനത്തെ കോളജുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ മീഡിയ ലിറ്ററസി പരിശീലനം നല്‍കുമെന്ന് മന്ത്രി ആര്‍ ബിന്ദു
തിരുവനന്തപുരം: വാര്‍ത്തകളുടെ ശരിതെറ്റുകള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. സാമാന്യയുക്തിക്കു നിരക്കാത്ത വ്യാജനിര്‍മിതികള്‍ മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുക്കുമ്പോള്‍ അതിനെതിരായി സത്യത്തിന്റെ പൊതുബോധം സൃഷ്ടിച്ചെടുക്കണമെന്നും മന്ത്രി പറഞ്ഞു. 'സത്യമേവ ജയതേ' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ മീഡിയ ലിറ്ററസി ക്യാംപെയിനിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കോളജ് അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സത്യത്തെ കൗശലപൂര്‍വം കൈകാര്യം ചെയ്ത്, നുണകളിലേക്കു മനുഷ്യനെ കൊണ്ടുപോകേണ്ടത് എങ്ങനെയാകണമെന്നതില്‍ സ്ഥാപനങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ രൂപപ്പെടുത്തിയെടുക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. മൂലധനശക്തികളുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി വാര്‍ത്തകള്‍ ചുട്ടെടുക്കപ്പെടുകയാണ്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഇതാണു ശരിയെന്നെന്നും യാഥാര്‍ഥ്യമെന്നും കാണിച്ച് മനുഷ്യരുടെ ബോധകേന്ദ്രത്തിലേക്കു നല്‍കുന്നത് വലിയ ഉത്തരവാദിത്തമില്ലായ്മയാണ്. വാര്‍ത്തകളുടെ ശരിതെറ്റുകള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനം ഉണ്ടായില്ലെങ്കില്‍ സമൂഹത്തിലെ ഏറ്റവും ദയനീയമായ മനുഷ്യന്‍ വലിയ പ്രയാസത്തിലാകും.
വെര്‍ച്വല്‍ റിയാലിറ്റി എവിടെ അവസാനിക്കുന്നെന്നോ ആക്ച്വല്‍ റിയാലിറ്റി എവിടെ ആരംഭിക്കുന്നെന്നോ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിയാണിന്ന്. ആഗോളവത്കരണ, ഉദാരവത്കരണ നയസമീപനങ്ങളുടെ ഫലമായി ഒഴുകിപ്പരക്കുന്ന മൂലധനം രാജ്യാതിര്‍ത്തികള്‍ ഭേദിച്ചുകഴിഞ്ഞു. രാജ്യങ്ങളുടെ സമ്പദ്ഘടനയേയും സാംസ്‌കാരിക സവിശേഷതകളേയും വേര്‍തിരിക്കുന്ന അതിരുകള്‍ ഇതുമൂലം മാഞ്ഞുപോയിക്കൊണ്ടിരിക്കുന്നു. വാര്‍ത്തകളും ആശയ നിര്‍ദേശങ്ങളും ലോക കേന്ദ്രീകൃത രീതിയിലേക്കു മാറുന്നു. സാംസ്‌കാരിക സാമ്രാജ്യത്വം എന്നു വിളിക്കാവുംവിധം പത്ര, ദൃശ്യ, ഡിജിറ്റല്‍ മാധ്യമങ്ങള്‍ ചേരുന്ന മാധ്യമ സഞ്ചയങ്ങളെ വന്‍കിടക്കാര്‍ സ്വന്തമാക്കി അതിനെ കേന്ദ്രീകൃത ശൃംഘലയാക്കി രൂപപ്പെടുത്തി, തങ്ങള്‍ക്കു താത്പര്യമുള്ള വാര്‍ത്തകള്‍ വിനിമയം ചെയ്ത് സ്ഥാപിത താത്പര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയാണ്. കേരളത്തിലും ഇന്ത്യയിലും ഈ സ്ഥിതിവിശേഷം വ്യത്യസ്തമല്ല.
പൊതുബോധസൃഷ്ടിയില്‍ മാധ്യമങ്ങള്‍ വലിയ തോതില്‍ ഇടപെടുന്ന ഇക്കാലത്ത്, ജനകീയമായും സാധാരണക്കാര്‍ക്ക് അനുയോജ്യമായും അതു രൂപപ്പെടുത്തിയെടുക്കാന്‍ കലാലയങ്ങളിലെ പുതുതലമുറയ്ക്കു കഴിയണമെന്നു മന്ത്രി പറഞ്ഞു. ഇതിന് അധ്യാപകര്‍ക്കു വലിയ പങ്കുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോവളം കെ.ടി.ഡി.സി. സമുദ്രയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കൊളീജിയറ്റ് എഡ്യൂക്കേഷന്‍ അഡിഷണല്‍ ഡയറക്ടര്‍ ഡോ. എം. ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. ഡെല്‍റ്റലീഡ്‌സ് സ്ഥാപകനും സി.ഇ.ഒയുമായ സെയിദ് നസാകത് ഹുസൈന്‍, കൊളീജിയറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിലെ അക്കൗണ്ട്‌സ് ഓഫിസര്‍ ആര്‍. ഗിരീഷ്, സൂപ്രണ്ട് ചിത്ര എന്നിവരും പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടി നാളെ (11 ജനുവരി) അവസാനിക്കും. മാസ്റ്റര്‍ ട്രെയിനര്‍മാരായി പരിശീലനം നേടുന്ന ഇവര്‍ സംസ്ഥാനത്തെ വിവിധ കോളജുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ മീഡിയ ലിറ്ററസി സംബന്ധിച്ചു തുടര്‍ പരിശീലനം നല്‍കും.

