ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നതാണ് മര്യാദയെന്ന് മന്ത്രി ആര്‍ ബിന്ദു; നാടിന്റെ വികസനത്തിന് ഗവര്‍ണര്‍ തടസ്സം നില്‍ക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

Update: 2022-11-12 07:37 GMT

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രിമാര്‍ രംഗത്ത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെതിരേ ആഞ്ഞടിച്ചത്. ചാന്‍സലര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുന്നതാണ് മര്യാദയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ജനാധിപത്യമായി അതാണ് ശരിയെന്നും അതിന്റെ നടപടിക്രമമനുസരിച്ച് ഗവര്‍ണര്‍ ഒപ്പിടണമെന്നും ബിന്ദു വ്യക്തമാക്കി. ഓര്‍ഡിനന്‍സ് ആര്‍ക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിട്ടില്ലെന്നും മാധ്യമങ്ങള്‍ ധൃതി കൂട്ടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ വിമര്‍ശനം. നാടിന്റെ വികസനം ഗവര്‍ണര്‍ തടസപ്പെടുത്തുകയാണെന്നും വിവാദങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തേക്കാള്‍ ശക്തമായി സര്‍ക്കാരിനെ എതിര്‍ക്കുന്നത് ഗവര്‍ണറാണ്. ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷയിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ ചാന്‍സലറായി നിയമിക്കും. ചാന്‍സലറെ മാറ്റുന്ന കാര്യത്തില്‍ ഭരണഘടനാപരമായ നടപടികള്‍ സ്വീകരിക്കും.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും എന്നാല്‍ ഇതിനായി പ്രത്യേക സമ്മേളനം വിളിക്കുന്നതിനെക്കുറിച്ച് ആലോചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞെന്നു കരുതുന്നില്ലെന്ന് നിയമമന്ത്രി പി രാജീവ് പ്രതികരിച്ചു. ഓര്‍ഡിനന്‍സ് കാണുന്നതിന് മുമ്പ് ഒപ്പിടില്ലെന്ന് പറയുന്നത് മുന്‍വിധിയാണ്. ഭരണഘടനാസ്ഥാനത്തിരിക്കുന്ന വ്യക്തി മുന്‍വിധിയോടെ ഒന്നിനെയും സമീപിക്കാന്‍ പാടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ആവശ്യമുള്ള നിലപാട് സ്വീകരിക്കും. അദ്ദേഹം എന്താണ് ചെയ്യാന്‍ പോവുന്നതെന്ന് തനിക്ക് പറയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവന് കൈമാറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Tags: