ഡോ. എസ്. രാധാകൃഷ്ണന്‍ ഇന്ത്യയെ അത്ഭുതപ്പെടുത്തിയ അധ്യാപകനെന്ന് മന്ത്രി പി പ്രസാദ്

Update: 2021-09-05 10:20 GMT

മലപ്പുറം: അധ്യാപകര്‍ ഹൃദയം കൊണ്ടാണ് പഠിപ്പിക്കേണ്ടതെന്ന് ഇന്ത്യയെ പഠിപ്പിച്ച അധ്യാപകനായിരുന്നു ഡോ. എസ്. രാധാകൃഷ്ണനെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. കേരള അറബിക് മുന്‍ ഷീസ് അസോസിയേഷന്‍(കെഎഎംഎ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തിയ 'അധ്യാപകരും പൊതുസമൂഹവും' എന്ന വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക പുരോഗതിക്കും വളര്‍ച്ചയ്ക്കും ഉതകുന്ന പൊതുസമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് ചാലകശക്തികളായി വര്‍ത്തിക്കുന്നത് അധ്യാപകരാണ്. പാഠപുസ്തകങ്ങളില്‍ ഉള്ളത് കുട്ടികളില്‍ കുത്തി നിറക്കുന്നവരല്ല അധ്യാപകര്‍, മറിച്ച് കുട്ടികളുടെ ഹൃദയങ്ങളോടാണ് അധ്യാപകര്‍ സംസാരിക്കുന്നത്. നന്മയുടെ പക്ഷത്ത് ചേര്‍ന്ന് നിന്ന് മുന്നോട്ട് പ്രയാണം നടത്താന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ അധ്യാപകര്‍ക്കേ കഴിയൂ. അധ്യാപകര്‍ കുട്ടികളെ കീഴ്‌പ്പെടുത്തുന്നത് സ്‌നേഹം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. 

കെ.എ.എം. എ. സംസ്ഥാന പ്രസിഡണ്ട് എ.എ.ജാഫര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. വി. മോഹന്‍കുമാര്‍ ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ പി.പി.ഫിറോസ്, ഉമര്‍ മുള്ളൂര്‍ക്കര, എസ്. നിഹാസ്, കെ. അബ്ദുല്‍ മജീദ്, മുഹമ്മദ് സഹല്‍, പി. അബ്ദുല്ല, മുഈനുദ്ദീന്‍ ഇംദാദി, ടി.ഉബൈദുള്ള, ഡോ. എസ്.അനസ്, ഹുസൈന്‍ സാദത്ത്, സജ്ജാദ് ഫാറൂഖി, അബ്ദുല്‍ ജലീല്‍,സി. സി.നൗഷാദ്, അഡ്വ. ജി. സിനി,കെ. കെ. സജീന, ഹലീമാബി എന്നിവര്‍ സംസാരിച്ചു. 

Similar News