ഡെപ്യൂട്ടേഷന്‍ പോയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തിരികെവരണമെന്നു മന്ത്രി എംഎം മണി

Update: 2020-08-05 12:13 GMT

ഇടുക്കി: ഇടുക്കി ജില്ലയില്‍ നിന്ന് പുറത്തേക്ക് ഡെപ്യൂട്ടേഷനില്‍ പോയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ജില്ലയില്‍ തിരിച്ചെത്തണമെന്ന് മന്ത്രി എംഎം മണി നിര്‍ദേശിച്ചു. ഡെപ്യൂട്ടേഷനില്‍ ഇതര ജില്ലകളിലേക്ക് പോയിരിക്കുന്നവരുടെ പട്ടിക മന്ത്രി ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. കൊവിഡ് 19 മഹാമാരിയുടെ കാലത്ത് സാങ്കേതികത്വം ഉന്നയിച്ച് നടപടികള്‍ക്കായി കാത്തിരിക്കാതെ സാമൂഹ്യ പ്രതിബദ്ധതയോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡിതര ചികില്‍സ, എം ആര്‍ ഐ, സി റ്റി സ്‌കാന്‍ എന്നിവ ഉടന്‍ ആരംഭിക്കും. ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളെജില്‍ നിന്നും ഓരോ ഡോക്ടര്‍മാരെ പരിശീലിപ്പിച്ച് ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും. ഐസിഎംആറിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനവും മുന്നേറുകയാണെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു.

റോഷി അഗസ്റ്റിന്‍ എം എല്‍ എ യുടെ ഫണ്ടില്‍ നിന്നനുവദിച്ച ആംബുലന്‍സ് ഉടന്‍ എത്തിക്കും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന ജീവനക്കാരെ നിയമിക്കുന്നതിനും ഇ സഞ്ജീവനി വിപൂലീകരിക്കുന്നതിനും തീരുമാനിച്ചതായും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. അസിസ്റ്റന്റ് കലക്ടര്‍ സൂരജ് ഷാജി, ഡിഎംഒ ഡോ. എന്‍ പ്രിയ, മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുള്‍ റഷീദ് എം എന്‍, ആശുപത്രി സൂപ്രണ്ട് ഡോ. എസ് എന്‍ രവികുമാര്‍, ഡോ. നിഷ മജീദ്, ഡോ. ബിന്ദു ജി എസ്, ഡോ. വി. വി ദിപേഷ്, ഡി പി എം ഡോ. സുജിത് സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Tags:    

Similar News