കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു

Update: 2021-07-30 10:00 GMT

തിരുവനന്തപുരം: കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന ആക്‌സസ്സിബിള്‍ ഇന്‍ഡ്യ ക്യാംപെയ്ന്‍, ബാരിയര്‍ ഫ്രീ കേരള പദ്ധതികളുടെ അവലോകനം നടത്തുകയായിരുന്നു മന്ത്രി. 

സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ഭിന്നശേഷി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വളരെ ഗൗരവത്തോടെ കാണണമെന്ന് മന്ത്രി പറഞ്ഞു. പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നുണ്ട്. പൗരകേന്ദ്രീകൃതമായ പൊതുകെട്ടിടങ്ങളും, പാതകളും, പാര്‍ക്കുകളും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വെബ്‌സൈറ്റുകളും, ഗതാഗത സംവിധാനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂര്‍ണ്ണമായും ഭിന്നശേഷിക്കാര്‍ക്ക് തടസ്സരഹിതമാക്കുന്നതിനുള്ള കര്‍മ്മപദ്ധതി അടിയന്തിരമായി തയ്യാറാക്കാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ പദ്ധതികള്‍ക്കായുള്ള പ്രൊപ്പോസലുകളും എസ്റ്റിമേറ്റുകളും ആഗസ്റ്റ് 31 നു മുമ്പ് സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

വിവിധ വകുപ്പ് മേധാവികള്‍, ജില്ലാ കളക്ടര്‍മാര്‍, പിഡബ്ല്യുഡി, നിര്‍മ്മിതികേന്ദ്ര, തദ്ദേശസ്വയംഭരണം എന്നിവയിലെ നിര്‍വ്വഹണ ഏജന്‍സികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.