ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രം. ആദ്യഘട്ടത്തില്‍ രോഗ നിയന്ത്രണം സാധ്യമായ കേരളത്തില്‍ പിന്നീട് പ്രതിരോധത്തില്‍ വന്ന വീഴ്ച്ചകള്‍ക്കാണ് ഇപ്പോള്‍ വില നല്‍കുന്നതെന്നാണ് ആരോഗ്യമന്ത്രിയുടെ വിമര്‍ശനം. 'സണ്‍ഡേ സംവാദ്' എന്ന പേരില്‍ മന്ത്രി നടത്തുന്ന പരിപാടിയിലാണ് കേരളത്തിനെതിരെ പ്രതികരിച്ചത്.
കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ രോഗ വ്യാപനം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയായിരുന്നു. നിലവില്‍ രാജ്യത്ത് കൂടുതല്‍ പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഒരുഘട്ടത്തില്‍ കേരളത്തില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 ത്തിന് മുകളില്‍ എത്തിയിരുന്നു.
സംസ്ഥാനത്ത് ഇന്നലെ വരെയുളള കണക്കുകള്‍ പ്രകാരം 96,004 ആളുകളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്. ഇന്നലെ മാത്രം 9,016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,139 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 26 പേരുടെ മരണങ്ങള്‍ കൊവിഡിനെ തുടര്‍ന്നാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,76,900 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്