ചീഫ് എന്‍ജിനീയറില്‍ നിന്ന് മന്ത്രി വിശദീകരണം തേടി; പൊതുമരാമത്ത് ജീവനക്കാര്‍ മന്ത്രിക്ക് നേരിട്ട് പരാതി നല്‍കരുതെന്ന ഉത്തരവ് റദ്ദാക്കി

നേരത്തെ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജീവനക്കാരുടെ രഹസ്യ പരാതികളില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പരാതികള്‍ തടയാന്‍ മന്ത്രി അറിയാതെ ചീഫ് എന്‍ജിനീയര്‍ ഉത്തരവിറക്കിയത്

Update: 2021-12-01 11:56 GMT

തിരുവനന്തപുരം: പൊതുമരാമത്ത് ജീവനക്കാര്‍ മന്ത്രിക്ക് നേരിട്ട് പരാതി നല്‍കരുതെന്ന വിവാദ ഉത്തരവ് റദ്ദ് ചെയ്തു. ഉത്തരവ് ഇറക്കിയ ചീഫ് എന്‍ജിനീയറില്‍ നിന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് വിശദീകരണം തേടി. ഇത്തരം ഉത്തരവുകള്‍ നല്ല ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്താന്‍ മാത്രമേ ഉതകൂ എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പൊതുമരാമത്ത് മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയാല്‍ വകുപ്പുതല നടപടിയെടുക്കുമെന്ന ഉത്തരവാണ് മന്ത്രി തന്നെ ഇടപെട്ട് റദ്ദ് ചെയ്തത്. 2017 ലെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഭരണവിഭാഗം ചീഫ് എന്‍ജിനീയര്‍ വിവാദ ഉത്തരവിറക്കിയത്. മന്ത്രിക്ക് ജീവനക്കാര്‍ നേരിട്ട് പരാതി നല്‍കുന്നത് ചട്ട വിരുദ്ധമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. മേലധികാരികള്‍ മുഖേന മാത്രമേ പരാതികള്‍ കൈമാറാന്‍ പാടുള്ളൂ എന്നുമാണ് നിര്‍ദ്ദേശം.

ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉത്തരവ് റദ്ദ് ചെയ്തു. നേരത്തെ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജീവനക്കാരുടെ രഹസ്യ പരാതികളില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പരാതികള്‍ തടയാന്‍ മന്ത്രി അറിയാതെ ചീഫ് എന്‍ജിനീയര്‍ ഉത്തരവിറക്കിയത്. പൊതുമരാമത്ത് വകുപ്പില്‍ ഡിഫക്ട് ലയബിലിറ്റി പിരിയഡ് പരസ്യപ്പെടുത്തുന്ന പദ്ധതിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഉത്തരവ് റദ്ദാക്കിയ വിവരം മന്ത്രി അറിയിച്ചത്. നാലാം തിയ്യതി മുതല്‍ ഡിഎല്‍പി ബോര്‍ഡുകള്‍ റോഡില്‍ സ്ഥാപിക്കുകയാണ്.

മിഷന്‍ പിഡബ്ല്യൂഡി'

പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പാക്കാനും സുതാര്യത ഉറപ്പാക്കാനുമായി 'മിഷന്‍ പിഡബ്ല്യൂഡി'ക്ക് രൂപം നല്‍കിയതായി മന്ത്രി അറിയിച്ചു. ഇതിനായി പ്രത്യേക ടീം രൂപവത്കരിക്കുകയും രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്യും. വകുപ്പുകളെ ഏകോപിപ്പിക്കാന്‍ ജില്ലാ തലത്തില്‍ ഡിഐസിസിയും പ്രവര്‍ത്തിക്കും. റോഡിന്റെ പരിപാലനം പ്രധാന പ്രശ്‌നമാണെന്നും മഴയത്ത് മരാമത്ത് പണികള്‍ നിലവില്‍ നടത്താന്‍ കഴിയില്ലെന്നും അത്തരം സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

റണ്ണിങ് കോണ്‍ട്രാക്റ്റ് നടപ്പാക്കും. പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ നേരിട്ടു പോകുന്നത് വലിയ അനുഭവമാണെന്നും എല്ലാ മണ്ഡലത്തിലും പോകാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: