പരപ്പനങ്ങാടി: പരപ്പനങ്ങാടി എക്‌സ്സൈസ് റെയ്ഞ്ച് പാര്‍ട്ടിയും എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം എക്‌സ്സൈസ് ഇന്റലിജിന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ നീക്കത്തില്‍ 1,500 കിലോഗ്രാം ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. മാര്‍ക്കറ്റില്‍ രണ്ടര ലക്ഷത്തോളം വിലവരുന്ന ഉത്പന്നങ്ങളാണ് പിടികൂടിയത്.
ചെമ്മാട്, വേങ്ങര, യൂനിവേഴ്‌സിറ്റി ഭാഗങ്ങളില്‍ വിതരണം നടത്തുന്ന മൊത്തകച്ചവടക്കാരായ രാജു ശങ്കര്‍, ശ്യാം സുന്ദര്‍ എന്നീ ഇതര സംസ്ഥാനകാരുടെ തലപ്പറയിലെ താമസസ്ഥലത്തുനിന്നാണ് ഇത് പിടികൂടിയത്.
ഇരുവരെയും എക്‌സ്സൈസ് കസ്റ്റഡിയിലെടുത്തു. വിദ്യാലയങ്ങള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യംവച്ച് കൂടുതല്‍ ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ജില്ലയില്‍ വ്യാപകമായി എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സ്സൈസിന്റെ പരിശോധന.
പരപ്പനങ്ങാടി റെയ്ഞ്ച് പ്രിവന്റീവ് ഓഫിസര്‍ പി പ്രഗേഷ്, സിവില്‍ എക്‌സ്സൈസ് ഓഫിസര്‍മാരായ നിതിന്‍ സി, ജയകൃഷ്ണന്‍, വിനീഷ് പി ബി, വനിത സിവില്‍ എക്‌സ്സൈസ് ഓഫിസര്‍ ലിഷ പി, മലപ്പുറം ഇന്റലിജിന്‍സ് പ്രിവന്റീവ് ഓഫിസര്‍ പി ലതീഷ്, എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ് )കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സ് സൈസ് ഓഫിസര്‍ അരുണ്‍ പി എന്നിവരാണ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്.
