അമേരിക്കയില്‍ കറുത്തവര്‍ക്ക് ചികിത്സ നിഷേധിക്കാന്‍ സോഫ്റ്റ്‌വെയറില്‍ കൃത്രിമം നടത്തുന്നുവെന്ന് പഠനം

സോഫ്റ്റ്‌വെയര്‍ അല്‍ഗൊരിതം ഉപയോഗപ്പെടുത്തി നീതിന്യായ, വിദ്യാഭ്യാസ, ആരോഗ്യരംഗത്ത് വംശീയമായി തീരുമാനമെടുക്കുന്ന കാര്യം നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിലും ഇത്ര വിപുലമായ കൃത്രിമം ശ്രദ്ധയില്‍പെടുന്നത് ഇതാദ്യമാണ്.

Update: 2019-10-28 12:19 GMT

ബെര്‍ക്കിലി: ഇന്ത്യയില്‍ ജാതിയാണ് വിവേചനത്തിന്റെ മുഖ്യരൂപമെങ്കില്‍ ലോകത്ത് മിക്കയിടത്തും ആ സ്ഥാനത്ത് വംശമാണ്. വംശീയവിവേചനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാവട്ടെ ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന അമേരിക്കയും. അമേരിക്കന്‍ ആരോഗ്യമേഖലയില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറില്‍ കൃത്രിമം കാട്ടി കറുത്തവര്‍ഗക്കാരായ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. ഒരേ രോഗാവസ്ഥയുള്ള രോഗികളില്‍ നിന്ന് തുടര്‍ചികിത്സക്കായി വെളുത്തവരെ സോഫ്റ്റ്‌വെയര്‍ സ്വമേധയാ തിരഞ്ഞെടുക്കുന്നുവെന്നാണ് കണ്ടെത്തല്‍. ആ രീതിയില്‍ സോഫ്റ്റ്‌വെയറിന്റെ അല്‍ഗൊരിതം ക്രമീകരിച്ചിരിക്കുകയാണ്. അമേരിക്കയില്‍ 20 കോടി പേര്‍ക്ക് ആരോഗ്യസംവിധാനങ്ങള്‍ നല്‍കുന്നത് ഈ സോഫ്റ്റ്‌വെയര്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്. ഒക്ടോബര്‍ 24 ാം തിയ്യതി ലോകപ്രശസ്ത ശാസ്ത്ര മാസികയായ സയന്‍സ് ആണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

സാധാരണ ഇത്തരം പഠനങ്ങള്‍ നടത്തുക ബുദ്ധിമുട്ടാണ്. കാരണം പൊതുവില്‍ പഠനാവശ്യങ്ങള്‍ക്കായി സോഫ്റ്റ്‌വെയര്‍ അല്‍ഗൊരിതം ഗവേഷകര്‍ക്ക് ലഭ്യമാവാറില്ലെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ രോഗ പര്യവേഷകനായ മിലെന ഗെയ്ന്‍ഫ്രാന്‍സെസ്‌കൊ പറയുന്നു. ഇത്തരത്തില്‍ സോഫ്റ്റ്‌വെയര്‍ അല്‍ഗൊരിതം ഉപയോഗപ്പെടുത്തി നീതിന്യായ, വിദ്യാഭ്യാസ, ആരോഗ്യരംഗത്ത് വംശീയമായി തീരുമാനമെടുക്കുന്ന കാര്യം നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിലും ഇത്ര വിപുലമായ കൃത്രിമം ശ്രദ്ധയില്‍പെടുന്നത് ഇതാദ്യമാണ്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കുന്നതിന് വിശദമായ പഠനം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ ആരോഗ്യ മേഖലയിലെ വിഭവങ്ങളുടെ വിനിയോഗത്തെയും വിനിമയത്തേയും എങ്ങനെയാണ് ബാധിക്കുന്നതെന്നായിരുന്നു ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സിയാദ് ഒബര്‍മെയറും സംഘവും പരിശോധിച്ചത്. ഗവേഷണത്തിന്റെ ഭാഗമായി സോഫ്റ്റ്‌വെയര്‍ അല്‍ഗൊരിതവും ഒരു പ്രത്യേക കാലയളവിലെ ആരോഗ്യരംഗത്തെ ഡാറ്റയും പരിശോധിച്ചു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും നല്‍കുന്ന ഹെല്‍ത്ത് റിസ്‌ക് സ്‌കോറുകളില്‍ കൃത്രിമം നടത്തി വെളുത്തവര്‍ക്ക് ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാണ് സോഫ്റ്റ്‌വെയര്‍ ക്രമീകരിച്ചിരിക്കുന്നെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. കൂടുതല്‍ റിസ്‌ക് സ്‌കോര്‍ ഉള്ളവര്‍ക്ക് പെട്ടെന്നു ചികിത്സ നല്‍കുകയാണ് പതിവ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും കിഡ്‌നി രോഗവുമുള്ളവരുടെ വിവരങ്ങള്‍ പഠിച്ചപ്പോള്‍ വെളുത്തവര്‍ക്ക് താതമ്യേന മെച്ചപ്പെട്ട ചികിത്സ ലഭിച്ചതായി കണ്ടു. കറുത്തവര്‍ക്ക് വെളുത്തവരേക്കാള്‍ ശരാശരി 1800 ഡോളറില്‍ കുറവാണ് ചെലവാക്കിയിരുന്നത്.

അമേരിക്കന്‍ രാഷ്ട്രസംവിധാനത്തിലെ വംശീയതയാണ് ഇത്തരം വിവേചനങ്ങള്‍ക്ക് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ സോഫ്റ്റ്‌വെയര്‍ നല്‍കുന്ന വിവരമനുസരിച്ച് നിലവില്‍ 17.7ശതമാനം കറുത്തവര്‍ക്കാണ് തുടര്‍ചികിത്സ നേടാനായത്. സോഫ്റ്റ്‌വെയറില്‍ കൃത്രിമമില്ലായിരുന്നെങ്കില്‍ ഇത് ഏകദേശം 46.5 ശതമാനത്തോളമാവുമായിരുന്നെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്.  

Tags: