അതിദരിദ്ര കുടുംബങ്ങളെ സഹായിക്കാന്‍ സൂക്ഷ്മതല ആസൂത്രണരേഖ ആഗസ്‌തോടെ

Update: 2022-07-27 11:49 GMT

തിരുവനന്തപുരം: അതിദരിദ്രരായ കുടുംബങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ക്ക് സൂക്ഷ്മതല ആസൂത്രണരേഖ ആഗസ്ത് പകുതിയോടെ തയ്യാറാക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ദീര്‍ഘകാലം, ഹ്രസ്വകാലം, ഉടന്‍ എന്നിങ്ങനെ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളാണ് സൂക്ഷ്മതല ആസൂത്രണ രേഖയുടെ ഭാഗമായുണ്ടാവുക. അതിന്റെ അടിസ്ഥാനത്തില്‍ ഓരോ മേഖലയിലും ആവശ്യമായ സഹായങ്ങള്‍ തീരുമാനിക്കും. ഈ വര്‍ഷം എത്രപേര്‍ക്ക് സഹായം നല്‍കാന്‍ പറ്റും എന്ന റിപോര്‍ട്ട് തയ്യാറാക്കും.

ഇതിന് പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍ എന്നിവരടങ്ങിയ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനാവശ്യമായ വിശദാംശങ്ങള്‍ മനസ്സിലാക്കി സമിതി റിപോര്‍ട്ടിന് അന്തിമരൂപം നല്‍കും. ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുക, ഒരിക്കല്‍ മോചിപ്പിക്കപ്പെട്ടാല്‍ അതിലേക്ക് തിരിച്ചുപോവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുക എന്നിവയാണ് ലക്ഷ്യം. ദാരിദ്ര്യത്തില്‍ നിന്ന് സ്ഥായിയായ മോചനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News