ഗോവയില്‍ പ്രതിപക്ഷനേതൃസ്ഥാനത്തുനിന്ന് മൈക്കിള്‍ ലോബോയെ പുറത്താക്കി

Update: 2022-07-12 02:26 GMT

പനാജി: ഗോവയിലെ പ്രതിപക്ഷനേതാവായ മൈക്കിള്‍ ലോബോയെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കി. ഗോവയില്‍ തങ്ങളുടെ ചില എംഎല്‍എമാരെ ബിജെപി വശപ്പെടുത്തിയിട്ടുണ്ടെന്ന വാര്‍ത്ത കോണ്‍ഗ്രസ് നേതൃത്വം തള്ളിയതിനു തൊട്ടുപിന്നാലെയാണ് പ്രതിപക്ഷനേതാവിനെ പുറത്താക്കിയത്. മൈക്കിള്‍ ലൂബോ പാര്‍ട്ടി പിളര്‍ത്താന്‍ ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.

കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്താന്‍ ചില നേതാക്കളുമായി ചേര്‍ന്ന് ബിജെപി 'ഗൂഢാലോചന' നടത്തി. അതിനുകൂട്ടുനിന്നത് കോണ്‍ഗ്രസ് നേതാക്കളായ മൈക്കിള്‍ ലോബോയും ദിഗംബര്‍ കാമത്തുമാണെന്ന് കോണ്‍ഗ്രസ്സിന്റെ ചാര്‍ജുള്ള ദിനേശ് ഗുണ്ടു റാവു പറഞ്ഞു. തനിക്കെതിരേ നിരവധി കേസുകളുള്ളതുകൊണ്ടാണ് ദിഗംബര്‍ കാമത്ത് ബിജെപിക്കുവേണ്ടി ഗൂഢാലോചന നടത്തിയതെന്നും സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയാണ് മൈക്കള്‍ ലൂബോയുടെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്കിനോട് ഗോവയിലെത്തി ആവശ്യമായ ഇടപെടല്‍ നടത്താന്‍ സോണിയാഗാന്ധി നിര്‍ദേശിച്ചു.

'സംസ്ഥാനത്തെ ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ ഗോവയിലേക്ക് പോകണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മുകുള്‍ വാസ്‌നിക്ക് എംപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്'-എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രാത്രി വൈകി ട്വീറ്റ് ചെയ്തു.

ഗോവയിലെ 40 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍.ഡി.എ) 25 അംഗങ്ങളും പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ നിന്ന് 11 അംഗങ്ങളുമുണ്ട്.

Tags: