മെക്‌സിക്കോയിലെ സ്‌കൂളില്‍ 57 വിദ്യാര്‍ഥികള്‍ക്ക് വിഷബാധ; ഒരു കുട്ടിയുടെ നില ഗുരുതരം

Update: 2022-10-09 06:15 GMT

മെക്‌സിക്കോ സിറ്റി: ദക്ഷിണ മെക്‌സിക്കോയിലെ ചിയാപ്‌സ് പട്ടണത്തില്‍ കൗമാരക്കാരായ 57 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിഷബാധയേറ്റു. ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ശനിയാഴ്ച ഉച്ചയോടെയാണ് ചിയാപ്‌സിലെ ബോച്ചില്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വിഷബാധയേറ്റത്. ക്ഷീണവും വിറയലും അനുഭവപ്പെട്ട കുട്ടികളെ സ്‌കൂളില്‍ നിന്ന് സമീപത്തെ അശുപത്രികളില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മലിനജലവും മോശം ഭക്ഷണവും മൂലമാണ് അപകടം സംഭവിച്ചതെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും വിഷബാധയേല്‍ക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ഗ്രാമപ്രദേശത്തെ ബോച്ചില്‍ വിഭാഗത്തില്‍പ്പെടുന്നവരാണ് ഇവര്‍.

കൊക്കെയ്ന്‍ ഉപയോഗം മൂലമാണ് കുട്ടികള്‍ക്ക് വിഷബാധയുണ്ടായതെന്ന് ആരോപണമുയര്‍ന്നെങ്കിലും ഇതുസംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ലഹരിമരുന്ന് ഉപയോഗം സംശയിച്ച് 15 പേരെ ടോക്‌സിക്കോളജി പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ നെഗറ്റീവ് ഫലമാണ് ലഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചിയാപ്‌സ് സ്‌കൂളുകളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ഭക്ഷ്യവിഷബാധ കേസാണിത്. സംഭവം വിവാദമായതോടെ കുട്ടികളുടെ മാതാപിതാക്കളും സാമൂഹിക പ്രവര്‍ത്തകരും സ്‌കൂള്‍ അങ്കണത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാര്‍ഥികളുടെ പരിശോധന തുടരുമെന്ന് സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

Tags:    

Similar News