ലഖ്‌നോ: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടതിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി മെറ്റ. ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നതായി യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിവരം മെറ്റ പോലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഭാദോഗിയിലാണ് സംഭവം.ഔറൈ പോലിസ് സ്റ്റേഷന്‍ പ്രദേശത്ത് താമസക്കാരനായ യുവാവാണ് മരിക്കാന്‍ പോകുന്നെന്ന് വീഡിയോ ഇന്‍സ്റ്റയില്‍ പങ്കുവച്ചത്. ''എന്റെ സ്‌നേഹമേ എന്നോട് ക്ഷമിക്കൂ, മരിക്കുന്നതിന് മുന്‍പുള്ള എന്റെ അവസാന പ്രതീക്ഷയാണ്. ഞാന്‍ മരിച്ച് കഴിഞ്ഞ് എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം. ഇന്ന് ഞാന്‍ 50 ഉറക്ക ഗുളികകള്‍ കഴിച്ചു, ഞാന്‍ മരിച്ചാലും വിഷമിക്കരുത്'',എന്നായിരുന്നു വിഡിയോ.
അല്‍പ്പ സമയത്തിനകം പോലിസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ സെന്ററിലേക്ക് യുവാവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സംബന്ധിച്ച് ഒരു മെയില്‍ ലഭിക്കുന്നു. തുടര്‍ന്ന് പോലിസ് യുവാവിന്റെ സഥലം കണ്ടെത്തി യുവാവിനെ രക്ഷപ്പെടുത്തി. തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.