എംഇഎസ് നേതാക്കളായ എന്‍ എം മുജീബ് റഹ്‌മാനെയും എന്‍ അബ്ദുള്‍ ജബ്ബാറിനെയും സംഘടനയില്‍ നിന്ന് പുറത്താക്കി

Update: 2020-11-02 10:20 GMT

കോഴിക്കോട്: സംഘടനാവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് എംഇഎസ് നേതാക്കളെ സംഘടനയില്‍ നിന്ന് പുറത്താക്കി. എംഇഎസ് സംസ്ഥാന സെക്രട്ടറി എന്‍ എം മുജീബ് റഹ്‌മാനെയും സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമായ എന്‍ അബുദുല്‍ ജബ്ബാറിനെയുമാണ് പുറത്താക്കിയത്. സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. രണ്ട് പേരെയും എംഇഎസ്സിന്റെ പ്രഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

ഇരുവരും പൊതുസമൂഹത്തില്‍ സംഘടനയുടെ അന്തസ്സിനെ ചോദ്യം ചെയ്യന്ന പ്രവര്‍ത്തികള്‍ ചെയ്യുകയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകുയം ചെയ്‌തെന്ന് സംഘടന നല്‍കിയ കത്തില്‍ പറയുന്നു.

ആരോപണ വിധേയനായ ഡോ. പി എ ഫസല്‍ ഗഫൂറിനെയും സംസ്ഥാന നേതാവ് പി ഓ ജെ ലബ്ബയെയും സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും പത്രസമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ കേരള ഹൈക്കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി പ്രൊഫ. പിഒജെ ലബ്ബയും തല്‍സ്ഥാനങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്.

Tags: