കേരള സാങ്കേതിക സര്‍വകലാശാലയിലും ആര്‍ത്തവ അവധി

Update: 2023-01-17 13:02 GMT

തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയിലും (കെടിയു) ആര്‍ത്തവ അവധി അനുവദിച്ചു. സര്‍വകലാശാലയ്ക്കു കീഴിലെ എല്ലാ കോളജുകളിലും ആര്‍ത്തവ അവധി അനുവദിക്കും. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. ഏകകണ്ഠമായാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ത്തവസമയത്ത് വിദ്യാര്‍ഥിനികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കഴിഞ്ഞ ദിവസം ചരിത്ര തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെടിയുവിലും ആര്‍ത്തവാവധി.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ഇന്നലെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃകയാണു സംസ്ഥാന വ്യാപകമാക്കാന്‍ പരിഗണിക്കുന്നത്. ആര്‍ത്തവസമയത്ത് വിദ്യാര്‍ഥിനികള്‍ അനുഭവിക്കുന്ന മാനസികശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണു തീരുമാനം വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍, ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാമെന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നത്.

Tags:    

Similar News