മുംബൈ ഭെണ്ടി ബസാറില്‍ ദാവൂദി ബോഹ്‌റ സമുദായാംഗങ്ങള്‍ കൊവിഡ് വാര്‍ റൂം തുറന്നു
മുംബൈ: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ മുംബൈയിലെ ദാവൂദി ബോഹ്‌റ സമുദായം കൊവിഡ് വാര്‍ റൂം തുറന്നു. കൊവിഡ് രണ്ടാം വ്യാപനം ശക്തമായ സാഹചര്യത്തിലാണ് സമുദായം കൊവിഡ് രോഗികള്‍ക്ക് ആശ്വാസവുമായി നേരിട്ട് രംഗത്തിറങ്ങിയത്.
ഭെണ്ടി ബസാറിലാണ് വാര്‍ റൂം സജ്ജീകരിച്ചിട്ടുള്ളത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിക്കിടക്കകളുടെ വിവരങ്ങള്‍, മരണാനന്തരച്ചടങ്ങുകള്‍ക്കാവശ്യമായ സഹായങ്ങള്‍ എന്നിവയെല്ലാം ഇവിടെനിന്ന് ലഭിക്കും. 60 പേര്‍ അടങ്ങുന്ന ഈ ടീമില്‍ സ്പഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, സോഷ്യല്‍ സര്‍വീസ് വോളണ്ടിയര്‍മാര്‍, പ്രാദേശിക അധികാരികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
'ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ ആവശ്യമുള്ളവര്‍ക്ക് സഹായം ലഭിക്കും. ഞങ്ങള്‍ കിടക്കകളും ഓക്‌സിജന്‍ സിലിണ്ടറുകളും ശവസംസ്‌കാരത്തിനുള്ള സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നുണ്ട്'- വാര്‍ റൂം കോര്‍ഡിനേറ്റര്‍ തൈസൂന്‍ ബിയറിങ്വാല പറഞ്ഞു.
ഏതെങ്കിലും രോഗിയില്‍ നിന്നോ അവരുടെ ബന്ധുക്കളില്‍ നിന്നോ അറിയിപ്പ് ലഭിച്ചാല്‍ ടീം പെട്ടെന്ന് വിവരങ്ങള്‍ ചോദിച്ചറിയുകയും ആവശ്യമെങ്കില്‍ മെഡിക്കല്‍ സഹായം എത്തിക്കുകയും ചെയ്യും. ഡോക്ടര്‍മാരുടെ ടീം രോഗിക്ക് ആശുപത്രി വാസം വേണ്ടതുണ്ടോ എന്നും നിര്‍ണയിക്കും. വീട്ടില്‍ ഓക്‌സിജന്‍ കൊടുത്താല്‍ മതിയെങ്കില്‍ അതിനും സൗകര്യമൊരുക്കും.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 53,605 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
