നേപ്പാള്‍ പ്രധാനമന്ത്രിക്കെതിരേ വധഭീഷണിയുമായി പ്രവിശ്യാ നിയമസഭാ അംഗം

Update: 2021-06-12 04:32 GMT

കാഠ്മണ്ഡു: നേപ്പാള്‍ കാവല്‍ സര്‍ക്കാരിന്റെ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്കെതിരേ വധഭീഷണി. മറ്റൊരു പ്രവിശ്യയിലെ നിയമസഭാ അംഗമാണ് പ്രധാനമന്ത്രിക്കെതിരേ ഭീഷണി മുഴക്കിയത്.

കാവല്‍ സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിച്ചതാണ് ബാഗമതി പ്രവിശ്യയിലെ നരോത്തം ബൈദ്യയെ പ്രകോപിച്ചത്. കാവല്‍ പ്രധാനമന്ത്രി മന്ത്രിസഭ വികസിപ്പിക്കുന്നത് അധികാര ദുര്‍വിനിയോഗവും നിയമവിരുദ്ധവുമാണെന്ന് നരോത്തം ആരോപിച്ചു.

തന്റെ സ്ഥാനം നിലനിര്‍ത്താന്‍ പ്രധാനമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ സിപിഎന്‍ യുഎംഎല്‍ നേതാവുകൂടിയായ നരോത്തം ആരോപിച്ചു.

രാജ്യത്തെ രക്ഷിക്കണമെന്നും ആരും തയ്യാറായില്ലെങ്കില്‍ താന്‍ അതിനു തയ്യാറാവുമെന്നുമായിരുന്നു നരോത്തം പറഞ്ഞത്. നരോത്തത്തിന്റെ പ്രസ്താവനക്കെതിരേ പ്രവിശ്യാ നിയമസഭയില്‍ കടുത്ത പ്രതിഷേധമുയര്‍ന്നു. പ്രസ്താവന പിന്‍വലിക്കണമെന്ന് നേപ്പാളി കോണ്‍ഗ്രസ് നേതാവ് ബിശ്വപ്രകാശ് ശര്‍മ ആവശ്യപ്പെട്ടു. നരോത്തത്തിന്റെ പാര്‍ട്ടിയായ സിപിഎന്‍ യുഎംഎല്‍ കെ പി ഒലി വിഭാഗവും നേതാവിനെതിരേ രംഗത്തുവന്നിട്ടുണ്ട്.

Tags: