ഡൊമനിക്കന്‍ കോടതി ജാമ്യം നല്‍കിയ മെഹുല്‍ ചോക്‌സി ആന്റിഗ്വയിലെത്തി

Update: 2021-07-15 04:07 GMT

ന്യൂഡല്‍ഹി: വജ്രവ്യാപാരിയും ബാങ്ക് തട്ടിച്ച കേസിലെ പ്രതിയുമായ മെഹുല്‍ ചോക്‌സി ആന്റിഗ്വയില്‍ തിരിച്ചെത്തി. ജോളി ഹാര്‍ബറിലെ വീട്ടിലേക്ക് താമസിയാതെ മാറ്റുമെന്ന് ആന്റിഗ്വ പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഒരു സ്വകാര്യ വിമാനത്തിലാണ് ചോക്‌സി വിമാനത്താവളത്തില്‍ ഇറങ്ങിയത്. കൂടെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനുമുണ്ടായിരുന്നു.

ഇന്ന് ചോക്‌സിയുടെ ചികില്‍സ ആരംഭിക്കും. ഓരോ തവണ വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോഴും ഡൊമനിക്കന്‍ അധികൃതരെ ആരോഗ്യസ്ഥിതി അറിയിക്കണം.

തിങ്കളാഴ്ചയാണ് ചോക്‌സിക്ക് ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി ഡൊമനിക്കന്‍ കോടതി ജാമ്യം അനുവദിച്ചത്. ചികില്‍ക്ക് ആന്റിഗ്വയിലേക്ക് തിരികെപ്പോകാനും അനുമതി നല്‍കിയിരുന്നു. ജാമ്യമായി 10,000 കരീബിയന്‍ ഡോളറും കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു.

അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് ചോക്‌സിക്കെതിരേ എടുത്ത കേസ് പിന്നീട് പരിഗണിക്കും.

മെയ് 23നാണ് ചോക്‌സി ഡൊമനിക്കയില്‍ അനധികൃതമായി പ്രവേശിച്ചത്. ആന്റിഗ്വ പൗരനാണ് ചോക്‌സി. ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം 2018 മുതല്‍ വജ്രവ്യാപാരിയായ ചോക്‌സി ആന്റിക്വയിലാണ് താമസിച്ചിരുന്നത്. 63 വസ്സുള്ള ചോക്‌സി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ തട്ടിച്ച് നാടുവിട്ട കേസില്‍ പ്രതിയാണ്. 

Tags:    

Similar News