പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകി ബെൽജിയം
ന്യൂഡൽഹി: 13,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പിലെ മുഖ്യപ്രതിയും രാജ്യം വിട്ട വജ്രവ്യാപാരിയുമായ മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ ബെൽജിയൻ കോടതി അനുമതി നൽകി.
ചോക്‌സിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ഒരു സുപ്രധാന ചുവടുവയ്പ്പാണ്. എന്നിരുന്നാലും, തീരുമാനത്തിനെതിരേ ബെൽജിയൻ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ചോക്‌സിക്ക് അവസരമുണ്ട്.
സെപ്റ്റംബറിൽ നടന്ന വാദം കേൾക്കലിന് ശേഷമാണ് ആന്റ്‌വെർപ്പ് കോടതി കേസിൽ വിധി പറഞ്ഞത്. ചോക്‌സിയും അനന്തരവൻ നീരവ് മോദിയും പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) നിന്ന് 13,000 കോടി രൂപ വഞ്ചിച്ചുവെന്ന് പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു. ചോക്‌സി രാജ്യം വിട്ടതായും വിട്ടയച്ചാൽ വീണ്ടും രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും കോടതിയെ അറിയിച്ചു. ചോക്‌സിയുടെ അഭിഭാഷകരുടെ വാദങ്ങൾ കേട്ട കോടതി വാദങ്ങൾ നിരസിക്കുകയും തടങ്കൽ ശരിവയ്ക്കുകയുമായിരുന്നു.ബെൽജിയൻ കോടതികളും ചോക്‌സിയുടെ ജാമ്യാപേക്ഷകൾ നിരസിച്ചു.
ഇന്ത്യയുടെ അഭ്യർഥന മാനിച്ച് 2025 ഏപ്രിൽ 11 ന് ബെൽജിയത്തിൽ വെച്ചാണ് മെഹുൽ ചോക്‌സി അറസ്റ്റിലായത്. ചോക്‌സി മുമ്പ് കരീബിയൻ രാജ്യമായ ആന്റിഗ്വയിലും ബാർബുഡയിലും ഒളിവിൽ കഴിഞ്ഞിരുന്നു.