ശ്രീനഗര്‍: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ് ബൂബ മുഫ്തിയെ വീണ്ടും വീട്ടുതടങ്കലിലടച്ചു. കസ്റ്റഡിയിലായ വിവരം ട്വിറ്റര്‍ വഴി മെഹ് ബൂബ മുഫ്തി തന്നെയാണ് പങ്കുവച്ചത്. ഇവര്‍ക്കു പുറമെ പാര്‍ട്ടി നേതാക്കളായ സുഹൈല്‍ ബുഖാരി, നജ്മു സാഖിബ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
നിരപരാധികളായ സാധാരണക്കാരെ സൈന്യവും പോലിസും മനുഷ്യപരിചകളാക്കിയാണ് സായുധര്‍ക്കെതിരേ ആക്രമണം നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു. ഇന്ത്യ സര്‍ക്കാര്‍ പുതിയൊരു ആക്രമണ രീതിയാണ് ഇതുവഴി കൊണ്ടുവന്നിരിക്കുന്നതെന്നും മുഫ്തി അഭിപ്രായപ്പെട്ടു.
''വീണ്ടും വീട്ടുതടങ്കലിലായി. പിഡിപി നേതാക്കളായ സുഹൈല്‍ ബുഖാരി, നജ്മു സാഖിബ് എന്നിവരും അറസ്റ്റിലായി. നിരപരാധികളായ സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക് മാന്യമായ സംസ്‌കാരത്തിനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്ന രീതി കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യവിരുദ്ധതയുടെ പുതിയ ആഴങ്ങളാണ് കാണിക്കുന്ന'തെന്നായിരുന്നു മുഫ്തിയുടെ ട്വീറ്റ്.
ഹൈദര്‍പോറ ഏറ്റുമുട്ടലില്‍ നിരപരാധികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചാണ് മുഫ്തിയുടെ പരാമര്‍ശം. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ലഭിക്കണമെന്നാവശ്യപ്പെട്ട് കുടുംബം പ്രതിഷേധം സംഘടിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം പോലിസ് അവരെ ബലംപ്രയോഗിച്ച് നീക്കിയിരുന്നു.
