ജയന്തിയ ഹില്‍സ്: മേഘാലയയിലെ ജയന്തിക ഹില്‍സിലെ ഖനികളില്‍ കുടുങ്ങിക്കിടക്കുന്ന അഞ്ച് തൊഴിലാളികളെ ഇതുവരെയും കണ്ടെത്താനായില്ല. എലി മാളങ്ങളെന്ന അപരനാമത്താല്‍ അറിയപ്പെടുന്ന നിയമവിരുദ്ധ ഖനികളിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്.
അസമില്‍ നിന്നുള്ള നാല് പേരും ത്രിപുരയില്‍നിന്നുള്ള ഒരാളുമാണ് ഖനിയില്‍ കുടുങ്ങിയത്. തൊട്ടടുത്തുണ്ടായ വലിയ സ്‌ഫോടനമാണ് ഖനിയുടെ വശങ്ങള്‍ ഇടിഞ്ഞ് വെള്ളം കയറാന്‍ കാരണമായത്.
അതിനിടയില്‍ ഖനിയില്‍ ആറ് പേരുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ടവിധം പ്രവര്‍ത്തിക്കാനാവുന്നില്ല. സംസ്ഥാന ദുരന്ത നിരവാരണ സേനയുടെ 26 അംഗ ടീം രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.
വെള്ളം വലിച്ചെടുക്കാന്‍ ശക്തികൂടിയ പമ്പ് എത്തിച്ചിട്ടുണ്ടെങ്കിലും അകത്ത് ആരെങ്കിലും ജീവനോടെ ഉണ്ടോ എന്നറിഞ്ഞതിനുശേഷമേ അതുപയോഗിക്കാന്‍ തുടങ്ങുകയുള്ളൂ.
മെയ് 30ാം തിയ്യതിയാണ് അപകടം നടന്നത്. അതേ കുറിച്ച് അറിയാവുന്നവരുണ്ടെങ്കില്‍ വിവരം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ജില്ലാ അധികാരികള്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്.
അകത്തുപെട്ടുപോയവര്‍ ജീവനോടെയുണ്ടാവാനുള്ള സാധ്യത വിരളമാണെന്നാണ് ഖനിത്തൊഴിലാളികള്‍ പറയുന്നത്.
കല്‍ക്കരി ഖനികള്‍ താഴേക്ക് കുത്തനെയാണ് കുഴിച്ചുപോകുന്നത്. അതിന് ഏകദേശം നൂറ് അടി താഴ്ചയുണ്ടാവും. കല്‍ക്കരി കണ്ടാല്‍ ഉടന്‍ വിവിധ വശങ്ങളിലായി ചെറിയ, ചെറിയ ദ്വാരങ്ങള്‍ തുളക്കും. അതുവഴിയാണ് കല്‍ക്കരി പുറത്തെടുക്കുന്നത്. ഒരു ദ്വാരത്തില്‍ വെള്ളം കയറിയാല്‍ എല്ലാ ദ്വാരങ്ങളിലും വെള്ളം നിറയും.
