മേഘാലയയില്‍ റിസോര്‍ട്ടിന്റെ മറവില്‍ ബിജെപി നേതാവിന്റെ 'വേശ്യാലയം'; റെയ്ഡില്‍ 73 പേര്‍ അറസ്റ്റില്‍

Update: 2022-07-24 03:59 GMT

ഷില്ലോങ്: മേഘാലയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബെര്‍നാഡ് എന്‍ മരക് എന്ന റിംപുവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന്റെ മറവില്‍ 'വേശ്യാലയം' പ്രവര്‍ത്തിച്ചിരുന്നതായി പോലിസ് കണ്ടെത്തി. റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയ പോലിസ്, 73 പേരെ അറസ്റ്റുചെയ്തു. ആറ് കുട്ടികളെ രക്ഷപ്പെടുത്തി. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് വാര്‍ത്ത പുറത്തുവിട്ടത്. ബെര്‍ണാഡിനെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. വെസ്റ്റ് ഗാരോ ഹില്‍ ജില്ലയിലെ ടുരയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേഘാലയ പോലിസ് റെയ്ഡ് നടത്തിയത്.

റിസോര്‍ട്ടിലെ കാബിന്‍ പോലുള്ള വായു സഞ്ചാരമില്ലാത്ത, വൃത്തിഹീനമായ മുറികളില്‍ പൂര്‍ണനഗ്‌നരായും അര്‍ധനഗ്‌നരായും കുട്ടികളെയടക്കം കണ്ടെത്തിയത്. അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഇവിടെയുണ്ടായിരുന്നത്. ഇവര്‍ക്ക് പുറമെ സ്ഥലത്തുണ്ടായിരുന്ന 73 പേരെ അറസ്റ്റുചെയ്തു.

30 ചെറിയ മുറികളാണ് ഫാം ഹൗസിലുള്ളത്. 400 മദ്യക്കുപ്പികളും 500ഓളം ഗര്‍ഭനിരോധന ഉറകളും സ്ഥലത്തുനിന്ന് കണ്ടെടുത്തു. വേശ്യാവൃത്തിക്കായായിരുന്നു കുട്ടികളെ ഇവിടെ എത്തിച്ചിരിക്കുന്നതെന്ന് ജില്ലാ പോലിസ് മേധാവി വിവേകാനന്ദ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ക്ക് കൈമാറിയിട്ടുണ്ട്.

റിസോര്‍ട്ടില്‍ വേശ്യാലയം നടത്തിയതിനാലാണ് ബിജെപി നേതാവ് ഒളിവില്‍ പോയതെന്ന് മേഘാലയ പോലിസ് അറിയിച്ചു. ഗാരോ ഹില്‍ സ്വയംഭരണ ജില്ലാ കൗണ്‍സിലിലെ ജനപ്രതിനിധിയാണ് ബെര്‍ണാര്‍ഡ്. കീഴടങ്ങിയ സായുധസംഘം നേതാവ് കൂടിയാണ്. അതേസമയം, ഒളിവില്‍ പോയിട്ടില്ലെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും ബെര്‍ണാര്‍ഡ് പറഞ്ഞു. മുഖ്യമന്ത്രി കൊണ്‍റാഡ് സാംഗ്മ തന്നെ ലക്ഷ്യംവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പോക്‌സോ കേസിലടക്കം പ്രതിയാണ് ബെര്‍ണാര്‍ഡ്.

Tags: