വാഷിങ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ദക്ഷിണ കൊറിയയില്‍ നടത്തിയ കൂടിക്കാഴ്ച വിജയമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. യുഎസിന് അനുകൂലമായ ഡീലുകള്‍ ഉറപ്പാക്കുകയും അമേരിക്കയുടെ സോയാബീന്‍ വാങ്ങുന്നത് തുടരുമെന്ന ഉറപ്പും ചൈന നല്‍കിയെന്നും ട്രംപ് വ്യക്തമാക്കി.
ചൈനീസ് ഫെന്റാനിലിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ 20ല്‍ നിന്ന് 10 ശതമാനമായി കുറച്ചുവെന്നും ട്രംപ് പറഞ്ഞു. ചൈനയ്ക്കുമേലുള്ള മൊത്തം ഇറക്കുമതി തീരുവഭാരം ഇതോടെ 57ല്‍ നിന്ന് 47 ശതമാനമായി.ഡീല്‍ ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചൈനയ്ക്കുമേല്‍ 100-155% തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
സാമ്പത്തിക, വ്യാപാര വിഷയങ്ങളില്‍ ചൈന അമേരിക്കയുമായി സമവായത്തിലെത്തിയതായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു. 'ഇരു രാജ്യങ്ങളിലെയും സാമ്പത്തിക, വ്യാപാര സംഘങ്ങള്‍ പ്രധാനപ്പെട്ട സാമ്പത്തിക, വ്യാപാര വിഷയങ്ങളില്‍ ആഴത്തിലുള്ള വീക്ഷണങ്ങള്‍ കൈമാറുകയും അവയില്‍ സമവായത്തിലെത്തുകയും ചെയ്തു,' ഷി ജിന്‍പിങ് വ്യക്തമാക്കി. ഇരുടീമുകളും എത്രയും വേഗം തുടര്‍നടപടികള്‍ പരിഷ്‌കരിക്കുകയും അന്തിമമാക്കുകയും നടപ്പിലാക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ചര്‍ച്ചയില്‍ തങ്ങള്‍ നിരവധി കാര്യങ്ങള്‍ക്ക് അന്തിമരൂപം കൊണ്ടുവന്നെന്നു പറഞ്ഞ ട്രംപ്, 'വളരെ ശക്തമായ ഒരു രാജ്യത്തിന്റെ മഹാനായ നേതാവ്' എന്നാണ് ഷി ജിന്‍പിങിനെവിശേഷിപ്പിച്ചത്.
