തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികില്‍സാ പിഴവ്; ഡോക്ടര്‍ക്കെതിരേ കേസ്
തിരുവനന്തപുരം; യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ കേസ്.തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരേയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ഐപിസി 336, 338 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയായ കാട്ടാക്കട സ്വദേശി സുമയ്യയുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു.
ശസ്ത്രക്രിയയില്‍ വീഴ്ച സംഭവിച്ചതായി സമ്മതിക്കുന്ന ഡോക്ടറുടെ ശബ്ദ സന്ദേശം ഉള്‍പ്പെടെ പുറത്തു വന്നിരുന്നു. സംഭവത്തില്‍ ഡിഎംഒയ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും സുമയ്യ ഇന്ന് പരാതി നല്‍കിയിരുന്നെങ്കിലും നേരത്തെ സ്വമേധയാ അന്വേഷണം നടത്തിയതായും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിശദീകരണം.
2023 മാര്‍ച്ച് 22 നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുമയ്യ ചികിത്സ തേടിയത്. ഡോ.രാജിവ് കുമാറാണ് റോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോള്‍ രക്തവും മരുന്നുകളും നല്‍കാനായി സെന്‍ട്രല്‍ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചില്‍ കുടുങ്ങി പോയത്.
ഇതിനേ തുടര്‍ന്ന് ശ്വാസം മുട്ടലടക്കമുള്ള പ്രശ്‌നങ്ങളായി ഇവര്‍ രാജീവിനെ തന്നെ പല തവണ കണ്ടിരുന്നു. എന്നാള്‍ ഒരു കാര്യവും ഉണ്ടായില്ലെന്ന് പരാതിക്കാരി പറയുന്നു. ശ്രീ ചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികില്‍സ തേടി. എക്‌സ്‌റേ പരിശോധനയിലാണ് ട്യൂബ് ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തുകയായിരുന്നു.
