കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സപ്പിഴവും ചികില്‍സനിഷേധവും നിത്യസംഭവം: അജ്മല്‍ കെ മുജീബ്

Update: 2025-07-12 09:06 GMT

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സപ്പിഴവും ചികില്‍സനിഷേധവും നിത്യകാഴ്ചയാവുകയാണെന്നും സാധാരണക്കാരുടെ ചികിത്സ ലഭിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന സമീപനം അനുവദിക്കില്ലെന്നും എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ് വ്യക്തമാക്കി.

ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതും ഉള്ളവര്‍ തന്നെ ദീര്‍ഘ അവധി നല്‍കി സ്വകാര്യ പ്രാക്ടീസ് നടത്തുകയും ചെയ്യുന്നുണ്ട്. ചികില്‍സക്കായി വരുന്നവരെ അനസ്തീഷ്യ പോലും നല്‍കാതെ സര്‍ജറി നല്‍കുന്നു, വിവിധ അപകടങ്ങളില്‍ പെട്ട് വന്നിട്ടും ആഴ്ചകളായി സര്‍ജറി ചെയ്യാതെ ഏറെ പേര് കിടക്കുന്നുണ്ട്.ഇത്തരത്തില്‍ അഡ്മിനിസ്ട്രഷനും ചികില്‍സയും കൃത്യമായി നടക്കുന്നില്ല.ഇക്കഴിഞ്ഞ ദിവസമാണ് സെലിബ്രിറ്റി ക്രിക്കറ്റര്‍ കൂടിയായി ഫംഷാദ് വിരലിനു പരിക്ക് പറ്റി ചികിത്സക്ക് മെഡിക്കല്‍ കോളേജില്‍ ചെന്നത്. അനസ്തീഷ്യ പോലും നല്‍കാതെ കാഷ്യാലിറ്റിയില്‍ വെച്ച് തന്നെ ശാസ്ത്രക്രിയ ചെയ്തു.ഇപ്പോള്‍ ഇന്‍ഫെക്ഷന്‍ മൂലം പ്രയാസം അനുഭവിക്കുകയാണ്.

ഇത്തരത്തില്‍ ചികില്‍സപ്പിഴവ് മൂലം മുന്‍പ് ഷംന എന്ന മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Tags: