'നീറ്റ്' നീട്ടിവയ്ക്കുന്നതിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

Update: 2020-08-22 17:04 GMT

ന്യൂഡല്‍ഹി: നീറ്റ് പ്രവേശന പരീക്ഷ നീട്ടിവയ്ക്കുന്നതിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രിം കോടതിയില്‍ സത്യവാങ് മൂലം നല്‍കി. നീട്ട് നീട്ടിവയ്ക്കണമെന്ന വിദേശത്തു താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടയിലാണ് മെഡിക്കല്‍ കൗണ്‍സില്‍ നയം വ്യക്തമാക്കിയത്. പരീക്ഷ നീട്ടുന്നത് വിദ്യാര്‍ത്ഥികളുടെ അക്കാഡമിക് ഷെഡ്യൂളിനെ ഗുരുതരമായി ബാധിക്കും. വിദേശത്ത് പരീക്ഷാകേന്ദ്രം അനുവദിക്കുന്നതും പ്രായോഗികമല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നിലപാടെടുത്തു.

ഒരേ പരീക്ഷ വിവിധ സ്ഥലങ്ങളില്‍ വിവിധ സമയത്ത് നടത്തുന്നത് വഴി ചോദ്യോത്തരങ്ങള്‍ ലീക്കായി പരീക്ഷാ നടത്തിപ്പുതന്നെ അവതാളത്തിലാവും. പുസ്തക രൂപത്തില്‍ ഓഫ്‌ലൈനായി നടത്തുന്ന പരീക്ഷയായതിനാല്‍ വിവിധ സ്ഥലങ്ങളിലും നടത്താനാവില്ല. വിവിധ സ്ഥലങ്ങളിലെ സമയവ്യത്യാസവും മറ്റും പരീക്ഷാനടത്തിപ്പിനെ സങ്കീര്‍ണമാക്കും. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ പറത്തുന്നുണ്ട്. പരീക്ഷയെഴുതേണ്ടവര്‍ക്ക് അതുപയോഗിച്ച് നാട്ടിലെത്താം- സത്യവാങ് മൂലത്തില്‍ പറയുന്നു.

നീറ്റ് പരീക്ഷ ഗള്‍ഫില്‍ നടത്തുകയോ അല്ലെങ്കില്‍ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. നേരത്തെ ഇതേ ഹരജി കേരള ഹൈക്കോടതിയില്‍ നല്‍കിയിരുന്നെങ്കിലും വിധി എതിരായിരുന്നു. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ദോഹ, ഖത്തര്‍, ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മതാപിതാക്കള്‍ക്കുവേണ്ടി ഹാജരായ കേരള മുസ് ലിം കള്‍ച്ചറല്‍ സെന്റര്‍ ജനറല് സെക്രട്ടറി അബ്ദുള്‍ അസീസ് ജെഇഇ പരീക്ഷ ഇത്തരത്തില്‍ നടത്തിയെന്ന് കോടതിയെ അറിയിച്ചു. 

Tags:    

Similar News