വേണുവിന്റെ മരണത്തില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം പൊളിയുന്നു; ക്രിയാറ്റിന്‍ ലെവല്‍ സാധാരണ നിലയിലായിരുന്നെന്ന് റിപോര്‍ട്ട്
തിരുവനന്തപുരം: കൊല്ലം സ്വദേശി വേണുവിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം തെറ്റാണെന്ന് റിപോര്‍ട്ട്. ക്രിയാറ്റിന്‍ ലെവല്‍ കൂടിയതുകൊണ്ട് ആന്‍ജിയോഗ്രാം നടത്താന്‍ സാധ്യമല്ലായിരുന്നുവെന്ന മെഡിക്കല്‍ കോളജിന്റെ വാദം തള്ളിക്കൊണ്ട്, വേണുവിന്റെ ക്രിയാറ്റിന്‍ നില സാധാരണ പരിധിയിലായിരുന്നുവെന്നാണ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഒരു മനുഷ്യന്റെ ശരീരത്തില്‍ സാധാരണയായി ക്രിയാറ്റിന്‍ അളവ് 1.4 ആയിരിക്കണം. വേണുവിന്റെ പരിശോധനാഫലത്തില്‍ ചെറിയ വ്യത്യാസം മാത്രമായിരുന്നു കാണപ്പെട്ടത്. അതിനാല്‍, സാങ്കേതികമായി ആന്‍ജിയോഗ്രാം നടത്തുന്നതില്‍ തടസമൊന്നുമുണ്ടായിരുന്നില്ലെന്നും മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു.
ഇതോടെ, ആന്‍ജിയോഗ്രാം നടത്താന്‍ സാധ്യമല്ലായിരുന്നുവെന്ന മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗത്തിന്റെ വാദം തെറ്റായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. ചികില്‍സാ വീഴ്ച്ചയാണ് ഭര്‍ത്താവിന്റെ മരണകാരണമെന്ന് വേണുവിന്റെ ഭാര്യ സിന്ധു ആരോപിച്ചിരുന്നു. ആശുപത്രിയില്‍ കട്ടില്‍ പോലും ലഭിച്ചില്ലെന്നും ഭര്‍ത്താവിനെ നിലത്ത് കിടത്തേണ്ടിവന്നെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൃദ്രോഗ വിഭാഗം ഈ ആരോപണങ്ങള്‍ നിഷേധിച്ച്, രോഗി ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിയതെന്നും ആന്‍ജിയോഗ്രാം അടിയന്തരമായി നടത്താന്‍ പറ്റുന്ന സാഹചര്യം ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ മെഡിക്കല്‍ റിപോര്‍ട്ട് പുറത്തുവന്നതോടെ, ആന്‍ജിയോഗ്രാം ചെയ്യാന്‍ സാധ്യമല്ലെന്ന വാദം നിലനില്‍ക്കുന്നില്ല. അതിനാല്‍, വേണുവിന്റെ മരണത്തില്‍ ചികില്‍സ വീഴ്ചയുണ്ടായോയെന്ന ചര്‍ച്ച വീണ്ടും ശക്തമാവുകയാണ്.
