മീഡിയാ വണിന് വിലക്ക്: ഭരണഘടനാ മൂല്യങ്ങളെ കോടതി നിരാകരിച്ചെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

ദേശസുരക്ഷ എന്ന് പറഞ്ഞ് ഭരണകൂടത്തിന് എന്ത് അത്യാചാരവുമാകാമെന്നത് ജനാധിപത്യത്തെ കൊലചെയ്യുന്നതിന് തുല്യമാണ്

Update: 2022-03-02 13:37 GMT

തിരുവനന്തപുരം: മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളിയ ഡിവിഷന്‍ ബെഞ്ച് വിധിയിലൂടെ ഭരണഘടനാ മൂല്യങ്ങളെ കോടതി നിരാകരിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണ്. താന്‍ എന്ത് കുറ്റത്തിനാണ് ശിക്ഷിക്കപ്പെടുന്നതെന്ന് അറിയാനുള്ള അവകാശം ജനാധിപത്യത്തില്‍ ഏതൊരു പൗരനുമുണ്ട്. ഈ പൗരാവകാശം പോലും മീഡിയാ വണ്‍ കേസില്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഫയലില്‍ ഒപ്പുവെക്കുകയല്ല നീതിപീഠത്തിന്റെ ഉത്തരവാദിത്വം. ഭരണഘടനയ്ക്കും പൗരാവകാശത്തിനും കാവലാളാവുകയെന്നതാണ് ജുഡീഷ്യറിയുടെ കര്‍ത്തവ്യം. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ബാധ്യത നീതിപീഠത്തിനുണ്ട്. ഭരണകൂടത്തിന്റെ തെറ്റായ നയ നിലപാടുകളെ വിമര്‍ശിക്കാനുള്ള അവകാശം മാധ്യമങ്ങള്‍ക്കും പൗരന്മാര്‍ക്കുമുണ്ട്. ഭരണകൂടത്തെ വിമര്‍ശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കുന്നത് അപകടകരമാണ്. ദേശസുരക്ഷ എന്നു പേരു പറഞ്ഞ് ഭരണകൂടത്തിന് എന്ത് അത്യാചാരവുമാകാമെന്നത് ജനാധിപത്യത്തെ കൊലചെയ്യുന്നതിന് തുല്യമാണ്.

മീഡിയാ വണിനെതിരായ നീക്കം ഈ മേഖലയിലെ ഒടുവിലത്തേതാണെന്ന് വിശ്വസിക്കാനാവില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മീഡിയ വണിനൊപ്പം ശക്തമായി നിലകൊള്ളുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കി.


Tags:    

Similar News