മാധ്യമവാര്‍ത്തകള്‍ തെറ്റ്; വൈദ്യുതി ബില്‍ കുടിശ്ശികയുടെ പേരില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി

Update: 2021-07-03 18:57 GMT

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍തലത്തില്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കും എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മേയ് അഞ്ചാം തീയതിയിലെ പത്രസമ്മേളനത്തില്‍ കെ.എസ്. ഇ.ബിയുടെ കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കും എന്ന് അറിയിച്ചിരുന്നു. ഇതാണ് നിലവിലെ സ്ഥിതി.

കുടിശ്ശികയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമേ നിലവില്‍ വൈദ്യുതി വിച്ഛേദിക്കണ്ട എന്നുള്ള കാര്യത്തില്‍ മാറ്റം വരുത്തുന്നതില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂ. അതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.