മീ ടൂ ക്യാമ്പയിനൊപ്പമെന്ന് പുരോഗമന കലാസാഹിത്യസംഘം; സംഘടനയില്‍പ്പെട്ട ആരോപണവിധേയര്‍ക്കെതിരേ നടപടിയെടുക്കും

Update: 2021-03-04 10:38 GMT

തിരുവനന്തപുരം: പുരോഗമന കലാസാഹിത്യസംഘത്തിന്റെ ഭാഗമായ രണ്ട് പേര്‍ക്കെതിരേ മി ടൂ ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ സംഘടന ദുരനുഭവങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുമെന്ന് സംസ്ഥാന കമ്മിറ്റി. പുരുഷമേധാവിത്ത വ്യവസ്ഥയുടെ തീര്‍പ്പുകളെ ഭയന്ന് മനസ്സില്‍ അമര്‍ത്തി വെച്ചിരുന്ന ദുരനുഭവങ്ങള്‍ സ്ത്രീകള്‍ ധീരതയോടെ തുറന്നു പറയുന്ന മീ ടൂ കാംപയിന്‍ കേരളത്തില്‍ വീണ്ടും സജീവമായിരിക്കുകയാണെന്നും ഈ തുറന്നുപറച്ചില്‍ സമൂഹത്തില്‍ നടക്കുന്ന ജനാധിപത്യവല്‍ക്കരണത്തിന്റേയും സ്ത്രീമുന്നേറ്റത്തിന്റെയും സൂചനയായി ഞങ്ങള്‍ കാണുന്നുവെന്നം പ്രസിഡന്റ് ഷാജി എന്‍ കരുണ്‍, ജന സെക്രട്ടറി അശോകന്‍ ചരുവില്‍ തുടങ്ങിയവര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു.

സ്ത്രീക്ക് ആത്മപ്രകാശനത്തിന് തടസ്സം നില്‍ക്കുന്നത് മതരാഷ്ട്രവാദികളാണെന്നും അതില്‍ വര്‍ഗ, വര്‍ണ, വംശഭേദമില്ലെന്നും സാംസ്‌കാരിക മേഖലയിലും തീവ്ര ഇടതുപക്ഷത്തും പരിസ്ഥിതി, പൗരാവകാശ, ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവാരണ് ഇതില്‍ മുന്നിലെന്നും ആരോപിക്കുന്ന പ്രസ്താവനയില്‍ സംഘടനയില്‍ പെട്ട രണ്ട് പേര്‍ക്കെതിരേയും ഇതേ ആരോപണങ്ങള്‍ വന്നിട്ടുണ്ടെന്ന് അംഗീകരിക്കുന്നു. അതേസമയം ആരോപണവിധേയരുടെ പേര് സൂചിപ്പിച്ചിട്ടില്ല.

സംഘടയുമായി ബന്ധപ്പെട്ട റോബിന്‍ ഡിക്രൂസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ ഗോകുലേന്ദ്രന്‍ എന്നിവര്‍ക്കെതിരേയാണ് സ്ത്രീകള്‍ ആരോപണവുമായി രംഗത്തുവന്നത്. ഗോകുലേന്ദ്രനെതിരേ പരാതി നല്‍കിയത് ദലിത് എഴുത്തുകാരിയായ വിദ്യമോള്‍ പ്രമാടമാണ്.

Tags:    

Similar News