അനുഭവിച്ചോളൂ എന്നു പറഞ്ഞിട്ടില്ല; പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും എംസി ജോസഫൈന്‍

ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ തട്ടിക്കയറിയും വനിത കമ്മിഷന്‍ അധ്യക്ഷ

Update: 2021-06-24 08:04 GMT

കൊല്ലം: ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരിയോട് അനുഭവിച്ചോളൂ എന്നു പറഞ്ഞിട്ടില്ലെന്നും വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. വിസ്മയയുടെ വീട് സന്ദര്‍ശിച്ച് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് അവര്‍ തട്ടിക്കയറുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് കമ്മിഷന്‍ അധ്യക്ഷ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടല്ലോ എന്ന ചോദ്യത്തിന് യൂത്ത് കോണ്‍ഗ്രസല്ല തന്നെ നിയമിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ തീരുമാനിക്കുന്നതിനനുസരിച്ച് കാര്യങ്ങളെന്നും അവര്‍ പറഞ്ഞു.

'അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ പല വീഡിയോകളും വരുന്നുണ്ട്. നിങ്ങള്‍ക്ക് അറിയില്ല. ഞങ്ങളും പച്ചയായ മനുഷ്യരാണ്. കടുത്ത സമ്മര്‍ദ്ധങ്ങള്‍ക്കിടയിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അങ്ങോട്ട് പറയുന്നത് കേള്‍ക്കാന്‍ ശ്രമിക്കാതെ വന്ന സന്ദര്‍ഭമാണ് അത്. ഒരു സംഭവമുണ്ടാകുമ്പോള്‍ പെട്ടന്ന്, ആദ്യം പോലിസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കാന്‍ പറയും. പോലിസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുമ്പോള്‍ പരാതിക്ക് ബലമുണ്ടാകും. എല്ലായിടത്തും വനിതകമ്മിഷന് ഓടിയെത്താനാവില്ല. പോലിസില്‍ പരാതിപ്പെടേണ്ട കേസായിരുന്നു അത്. അതിനാലാണ് അങ്ങനെ പറഞ്ഞത്. അനുഭവച്ചോളൂ എന്നു പറഞ്ഞിട്ടില്ല. സാധാരണക്കാര്‍ യഥാവിധിയല്ല പരാതി പറയുന്നത്. അങ്ങനെ അല്ല അവര്‍ കാര്യങ്ങളെ കാണുന്നത്. ചിലപ്പോള്‍ ഉറച്ച ഭാഷയില്‍ സംസാരിക്കേണ്ടിവരും. അത്രയെ പറയുന്നുള്ളൂ' -എംസി ജോസഫൈന്‍ പറഞ്ഞു.

വിസ്മയയുടെ കേസില്‍ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും കമ്മിഷനംഗം എംഎസ് താര മാധ്യമങ്ങളോട് പറഞ്ഞു.

സാധാരണ കമ്മിഷന്‍ അധ്യക്ഷയാണ് കാര്യങ്ങള്‍ വിശദീകരിക്കുക. എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് കമ്മിഷനംഗം എംഎസ് താരയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.

Tags:    

Similar News