പൂന്തുറയിലെ സംഭവവികാസങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് മേയര്‍ കെ.ശ്രീകുമാര്‍

Update: 2020-07-10 16:31 GMT

പൂന്തുറ: ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ തന്നെ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ തെരുവിലിറങ്ങിയത് വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍. ഏതെങ്കിലും തരത്തിലുള്ള താല്‍പര്യങ്ങള്‍ വച്ച് കൊണ്ട് പ്രദേശത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കായിരിക്കും പ്രദേശം കൂടുതല്‍ അപകടാവസ്ഥയിലേക്ക് പോയാലുള്ള പൂര്‍ണ്ണ ഉത്തരാവദിത്വം.

നിയന്ത്രണങ്ങള്‍ പാലിക്കുന്നതോടൊപ്പം തന്നെ രോഗം തിരിച്ചറിയുന്നതിനായി നടത്തുന്ന പരിശോധനകളോടും പ്രദേശത്തെ ജനങ്ങള്‍ സഹകരിക്കണമെന്നും മേയര്‍ പറഞ്ഞു. ഇതിനായി മത,രാഷ്ട്രീയ,സാമുദായിക നേതാക്കന്മാരുടെ പിന്തുണയും മേയര്‍ അഭ്യര്‍ത്ഥിച്ചു.

രോഗം ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്ത പൂന്തുറ,പുത്തന്‍പള്ളി, മണിക്യവിളാകം വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആളുകള്‍ക്ക് കൈ കഴുകുന്നതിനായി കൂടുതല്‍ ബ്രേക്ക് ദി ചെയിന്‍ പോയിന്റുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ സ്ഥാപിക്കും. ഈ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നേരത്തെ വിതരണം ചെയ്തതിന് ഓരോ വര്‍ഡുകള്‍ക്കുമായും 25000 മാസ്‌ക്കുകള്‍ കൂടി നഗരസഭ വിതരണം ചെയ്യുമെന്നും മേയര്‍ അറിയിച്ചു.

നഗരസഭയുടെ നേതൃത്വത്തില്‍ അണുനശീകരണ ദിനമായി ആചരിച്ച ഇന്ന് ഇതുമായി സഹകരിച്ച മുഴുവന്‍ നഗരവാസികളോടും മേയര്‍ നന്ദി പറഞ്ഞു.

പൊതു സ്ഥലങ്ങള്‍ കൊവിഡ് റിപോര്‍ട്ട് ചെയ്ത രോഗികളുടെ വീട്, പരിസര പ്രദേശങ്ങള്‍ പൊതുയിടങ്ങള്‍ എന്നിവ നഗരസഭയുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തിയതായും മേയര്‍ അറിയിച്ചു.