മൗലാനാ കലീം സിദ്ദീഖിയുടെ അറസ്റ്റ്: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സയ്യിദ് അര്‍ഷദ് മഅ്ദനി

Update: 2021-09-25 17:59 GMT

കോഴിക്കോട്: പ്രമുഖ പണ്ഡിതന്‍ മൗലാനാ കലീം സിദ്ദീഖിയെ യുപി എടിഎസ് അറസ്റ്റ് ചെയ്ത സംഭവം രാജ്യത്ത് നീതി പുലരാന്‍ ആഗ്രഹിക്കുന്ന ജനസഹസ്രങ്ങളുടെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേല്‍പ്പിച്ചതെന്ന് ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് ദേശീയ അധ്യക്ഷന്‍ സയ്യിദ് അര്‍ഷദ് മഅ്ദനി. മൗലാനാ കലീം സിദ്ദീഖിയുടെ അറസ്റ്റില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കുന്ന മാധ്യമങ്ങളുടെ നിലപാട് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. ന്യൂനപക്ഷങ്ങളെയും മുസ് ലിം സമുദായത്തെയും എന്നും ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന മാധ്യമങ്ങളുടെ കപട മുഖം നാം തിരിച്ചറിയണം. യഥാര്‍ത്ഥ മാധ്യമ ധര്‍മ്മത്തില്‍ നിന്നുള്ള ഈ വ്യതിചലനം മൂലം ഭാരതത്തിന്റെ മനോഹരമായ മതേതര മുഖമാണ് ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ വികൃതമാകുന്നത്. നീതിയുടെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് ഈ നീക്കങ്ങള്‍ വലിയ പ്രതിസന്ധിയായി മാറുന്നു. നിയമവിരുദ്ധമായ മതപരിവര്‍ത്തനവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അവിഹിതമായ ധന സമാഹരണവും ആരോപിച്ചാണ് മൗലാനയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'ഈ ആരോപണങ്ങളെല്ലാം തികച്ചും അടിസ്ഥാനരഹിതവും ദുഷ്ടലാക്കോടെ ഉന്നയിക്കപ്പെടുന്നതുമാണ്. ഒരു അമുസ് ലിമിനെയും നിര്‍ബന്ധിത രൂപത്തില്‍ മുസ് ലിമാക്കുക സാധ്യമല്ല. ഉള്‍ക്കാമ്പില്ലാത്ത ജ്ഞാനം ആദര്‍ശമല്ല; മനസ്സാ അംഗീകരിക്കലാണ് ആദര്‍ശം. മനുഷ്യ ഹൃദയവുമായി ഇഴുകിച്ചേരുന്ന വിശ്വാസത്തെ ആര്‍ക്കും വിലക്കു വാങ്ങാന്‍ കഴിയുന്നതല്ല. വിദേശത്തു നിന്നും പണമൊഴുക്കിയെന്ന ആരോപണത്തെ അര്‍ഷദ് മഅ്ദനി നിരുപാധികം തള്ളി.

'മുസ് ലികള്‍ പിന്നോക്കം നില്‍ക്കുകയും ഇസ്ലാമികാവബോധം നാമമാത്രമായി ചുരുങ്ങുകയും ചെയ്ത പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ സാമൂഹിക നവജാഗരണം ലക്ഷ്യമിട്ട് മൗലാനാ മദ്രസകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ ചെലവുകളിലേക്ക് അനിവാര്യമായും വേണ്ട ഫണ്ട് ശേഖരിക്കുന്നതിലുപരി മതപരിവര്‍ത്തനത്തിന് വേണ്ടി വിദേശ പണം സ്വീകരിച്ചു എന്ന ആരോപണം തികച്ചും അപഹാസ്യമാണ്. സമ്മര്‍ദ്ദ തന്ത്രങ്ങളും ഭൗതിക പ്രലോഭനങ്ങളും വഴി ഇസ്ലാമിക മതപരിവര്‍ത്തനം സാധ്യമായിരുന്നെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളിലും സഊദി അറേബ്യയിലും തൊഴില്‍ ചെയ്യുന്ന ലക്ഷക്കണക്കിനാളുകളില്‍ ഈ തന്ത്രം വിജയകരമായി നടപ്പിലാക്കാമായിരുന്നല്ലോഎന്നും അദ്ദേഹം ചോദിച്ചു.