ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിക്കു മുന്നില്‍ വന്‍ പ്രതിഷേധം, സംഘര്‍ഷം; സുരക്ഷാസേനയെ വിന്യസിപ്പിച്ചു

Update: 2022-03-31 18:04 GMT

കൊളംബൊ: സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കുമുന്നില്‍ വന്‍ പ്രതിഷേധം. രണ്ടായിരത്തോളം പേരാണ് തടിച്ചുകൂടിയിരിക്കുന്നത്. ഇവര്‍ പോലിസുമായി ഏറ്റുമുട്ടി. പ്രദേശത്ത് പ്രത്യേക ദൗത്യസേനയെ വിന്യസിപ്പിച്ചു. 

ഇന്ന് വൈകീട്ടാണ് പ്രസിഡന്റ് ഗോതാബെ രാജപക്‌സെയുടെ വസതിക്കുമുന്നില്‍ ആളുകള്‍ തടിച്ചുകൂടാന്‍ തുടങ്ങിയത്. പ്രതിഷേധക്കാരെ തിരിച്ചയക്കാന്‍ പോലിസ് ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. മുദ്രാവാക്യം വിളി ഉയര്‍ന്നു. ചിലര്‍ പോലിസിനെ കല്ലും കുപ്പികളുമായി ആക്രമിച്ചു. പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലിസുകാരെ ചിലയിടങ്ങളില്‍ ജനം തടഞ്ഞുവച്ചു. രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

രാജ്യത്ത് ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ ക്ഷാമം കടുത്തിരിക്കുകയാണ്. ഇന്ധവും ലഭ്യമല്ല. പാചകവാതകത്തിനുള്ള നീണ്ട ക്യൂവാണ് പലയിടങ്ങളിലും രൂപം കൊണ്ടിരിക്കുന്നത്.

ഡീസല്‍ രാജ്യത്തൊരിടത്തും ലഭ്യമല്ലാതായി മാറി. 13 മണിക്കൂറായി രാജ്യത്ത് പവര്‍കട്ടാണ്. റോഡില്‍ വാഹനങ്ങളില്ല. ചരക്കുനീക്കം നിലച്ചു.

വൈദ്യുതി നിലച്ചത് മൊബൈല്‍ ഫോണുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. ഫോണ്‍കോളുകള്‍ കട്ടായിക്കൊണ്ടിരിക്കുകയാണ്. അവശ്യസര്‍വീസുകളിലല്ലാത്തവരോട് ഓഫിസിലെത്തേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Tags:    

Similar News