പത്താംക്ലാസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി; അസം സര്‍ക്കാര്‍ 34 സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു

Update: 2022-08-26 06:08 GMT

ഗുവാഹത്തി: പത്താംക്ലാസ് പരീക്ഷയില്‍ ഒരു കുട്ടിയെപ്പോലും പാസ്സാക്കാനാവാത്ത 34 സ്‌കൂളുകള്‍ ബിജെപി ഭരിക്കുന്ന അസം സര്‍ക്കാര്‍ അടച്ചുപൂട്ടുന്നു.

ഇതില്‍ ഏഴ് സ്‌കൂളുകള്‍ കര്‍ബി ആംഗ്ലോംഗ് ജില്ലയിലാണ്. ജോര്‍ഹട്ട്, കച്ചാര്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് വീതവും, ധുബ്രി, ഗോള്‍പാറ, ലഖിംപൂര്‍, നാഗോണ്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും ഗോലാഘട്ട്, കാംരൂപ്, കൊക്രജാര്‍, നാല്‍ബാരി, ഹൈലകണ്ടി, വെസ്റ്റ് കര്‍ബി ആംഗ്ലോംഗ് ചിരാംഗ്, ദരാംഗ്, ദിബ്രുഗഢ് ജില്ലകളില്‍ നിന്ന് ഓരോ സ്‌കൂളുകളുമാണ് പൂട്ടുന്നത്.

34 സ്‌കൂളുകളില്‍നിന്ന് 500 കുട്ടികളാണ് എച്ച്എസ്എല്‍സി പരീക്ഷക്കിരുന്നത്.

ഇപ്പോള്‍ അടച്ചുപൂട്ടുന്ന സ്‌കൂളുകള്‍ സമീപത്തുള്ള മറ്റ് സ്‌കൂളുകളുകളുമായി ലയിപ്പിക്കുമെന്ന് സംസ്ഥാന സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പത്താംക്ലാസ് പരീക്ഷയില്‍ മോശം പ്രകടനം കാഴ്ചവച്ച 102 സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.

10 ശതമാനത്തില്‍ താഴെ വിജയശതമാനമുള്ള സ്‌കൂളുകള്‍ക്കാണ് നോട്ടിസ് നല്‍കിയത്.

30ല്‍ കുറവ് കുട്ടികള്‍ പഠിക്കുന്ന 800 സ്‌കൂളുകള്‍ പൂട്ടാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചു.

ഈ വര്‍ഷം പത്താംക്ലാസ് പരീക്ഷയിലെ വിജയശതമാനം 56.49 ആയിരുന്നു. 2021ല്‍ ഇത് 93.10 ശതമാനമായിരുന്നു.

കൊവിഡ് കാലമായതിനാല്‍ 2021ല്‍ വാര്‍ഷിക പരീക്ഷകള്‍ നടന്നിരുന്നില്ല. മുന്‍ പരീക്ഷകളിലെ മാര്‍ക്ക് കണക്കിലെടുത്ത് ഫലപ്രഖ്യാപനം നടത്തുകയായിരുന്നു.

വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നതിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സ്‌കൂളുകള്‍ അടച്ചുപൂട്ടുകയല്ല, സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

Tags:    

Similar News