'മാര്‍ക്ക് ജിഹാദ്': പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണം: ഇ ടി

ഒരു അധ്യാപകന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത സമീപനമാണ് അദ്ദേഹം കൈകൊണ്ടിട്ടുള്ളത്. പ്രബുദ്ധമായ കേരളത്തെ മുഴുവനായാണ് അദ്ദേഹം അപമാനിക്കുന്നത്.

Update: 2021-10-07 17:21 GMT

മലപ്പുറം: ഡല്‍ഹി സര്‍വകലാശാല പ്രഫ. രാകേഷ് പാന്‍ഡെ കേരളത്തില്‍ 'മാര്‍ക്ക് ജിഹാദ്' ഉണ്ടെന്ന് രീതിയില്‍ നടത്തിയ പ്രസ്താവന അത്യധികം പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണമെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി.

ഒരു അധ്യാപകന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത സമീപനമാണ് അദ്ദേഹം കൈകൊണ്ടിട്ടുള്ളത്. പ്രബുദ്ധമായ കേരളത്തെ മുഴുവനായാണ് അദ്ദേഹം അപമാനിക്കുന്നത്. ഇവിടെ കുട്ടികള്‍ക്ക് അനുവദിച്ച സീറ്റില്‍ ഏറെ കൊടുക്കുന്നുവെന്നും കൃത്രിമമായി ജയിപ്പിച്ചു ഡല്‍ഹിയിലേക്ക് പഠിക്കാന്‍ അയക്കുന്നുവെന്നും ഉള്ള വളരെ തരംതാഴ്ന്ന, വസ്തുതകള്‍ക്ക് നിരക്കാത്ത പരാമര്‍ശമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. അധ്യാപകര്‍ കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. എന്നാല്‍ ഒരു അധ്യാപകന്‍ നാടിന് നാശം വിതറുന്ന രീതിയില്‍ സംസാരിക്കുന്നത് അധ്യാപക വര്‍ഗ്ഗത്തിന് തന്നെയും അപകീര്‍ത്തിയുണ്ടാക്കുന്ന നടപടിയാണ്. തന്റെ പ്രസ്താവന പിന്‍വലിച്ചു അദ്ദേഹം മാപ്പ് പറയണമെന്നും അധ്യാപക സമൂഹവും അക്കാദമിക് മേഖലയിലെ എല്ലാവരും ഇത്തരം തെറ്റായ നീക്കത്തിന് എതിരായി തങ്ങളുടെ പ്രതിഷേധം രേഖപെടുത്തണമെന്നും ഇ ടി പറഞ്ഞു.

Tags:    

Similar News