മറാത്ത സംവരണ വിധി: സാമൂഹ്യ നീതിയെ സംബന്ധിച്ച ചോദ്യങ്ങള്‍ പ്രസക്തമാക്കുന്നുവെന്ന് ഫ്രറ്റേണിറ്റി ചര്‍ച്ചാ സംഗമം
കോഴിക്കോട്: മറാത്ത സംവരണത്തെ റദ്ദ് ചെയ്തു കൊണ്ടുള്ള മെയ് 05ലെ സുപ്രിംകോടതി വിധിയും അതിലെ പരാമര്‍ശങ്ങളും സാമൂഹ്യ നീതിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഓണ്‍ലൈന്‍ ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ വി ആര്‍ ജോഷി, സുദേഷ് എം രഘു, സജീദ് ഖാലിദ്, കെ സന്തോഷ്‌കുമാര്‍, എന്‍ കെ അലി, റമീസ് ഇ കെ എന്നിവര്‍ പങ്കെടുത്തു.
സംവരണം എന്നത് ഒരു തൊഴില്‍ദാന പദ്ധതിയോ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയോ അല്ല, മറിച്ചു സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ മാറ്റി നിര്‍ത്തിപ്പെട്ടവര്‍ക്കുള്ള അധികാര പങ്കാളിത്തമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(4) പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന സംവരണം 50% മുകളില്‍ വര്‍ധിപ്പിക്കണമെങ്കില്‍ അസാധാരണമായ സാഹചര്യം ഉണ്ടായിരിക്കണം എന്നതാണ് നിലവിലുള്ള കോടതി വിധി. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്‍ക്കുന്ന മറാത്ത സമുദായത്തിന് അത്തരത്തിലുള്ള ഒരു സാഹചര്യവും ഇല്ല എന്ന വിധി തീര്‍ത്തും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ആകെ സംവരണം 50% കൂടരുത് എന്ന ഇന്ദിരാ സാഹ്നി കേസ് വിധിയിലെ നിബന്ധന ഇനിയും അംഗീകരിക്കാനാവില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പിന്നാക്ക വികസന വകുപ്പ് മുന്‍ ഡയറക്ടര്‍ വി.ആര്‍ ജോഷി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ 80 ശതമാനത്തോളം ഉള്ള എസ്‌സി, എസ്ടി., ഒബിസി സമുദായങ്ങളുടെ തലക്ക് മീതെയുള്ള ഇരുതല മൂര്‍ച്ചയുള്ള വാള്‍ ആണ് യഥാര്‍ത്ഥത്തില്‍ മറാത്ത സമുദായ വിധി എന്നു ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് മെക്ക ജനറല്‍ സെക്രട്ടറി എന്‍.കെ അലി അഭിപ്രായപ്പെട്ടു. നിലവില്‍ കേരളത്തിലുള്‍പ്പെടെ 28 സംസ്ഥാനങ്ങളില്‍ അതാത് സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നത് സംസ്ഥാന പിന്നാക്ക കമ്മിഷനാണ്. ഈ ഒരു അധികാരം സംഘപരിവാര്‍ കൈപ്പിടിയില്‍ അമര്‍ന്നു കൊണ്ടിരിക്കുന്ന ദേശീയ പിന്നാക്ക കമ്മിഷനെ ഏല്പിക്കുക വഴി ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുക മാത്രമല്ല; തങ്ങള്‍ക്ക് അനഭിമതരായ സാമൂഹിക വിഭാഗങ്ങളെ നിയമപരമായി തന്നെ അധികാര സ്ഥാനങ്ങളില്‍ നിന്ന് പുറന്തള്ളാനുള്ള ശ്രമങ്ങളായിരിക്കും നടക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
50% സംവരണ നിയന്ത്രണം ആരുടെ താല്പര്യമാണ് എന്ന ചോദ്യം നാം ഉയര്‍ത്തേണ്ട സന്ദര്‍ഭമാണിതെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ സര്‍ക്കാര്‍ മുന്നാക്ക സംവരണത്തെ പിന്തുണക്കുന്നതുകൊണ്ട് തന്നെ മൊത്തമായുള്ള 50% സംവരണത്തില്‍ ആ വിഭാഗം ചേര്‍ക്കപ്പെടാനും അതുവഴി ഒ.ബി സി സംവരണത്തോത് താഴ്ത്താനുമുള്ള സാധ്യതകള്‍ ഏറെയാണ് എന്നും അദ്ദേഹം നിരീക്ഷിച്ചു. നിയമ പോരാട്ടത്തിനപ്പുറം ജനങ്ങളുടെ ഭാഗത്തു നിന്നുള്ള സാമൂഹിക സമ്മര്‍ദ്ദത്തിലൂടെ മാത്രമേ ഇതിനെ മറിക്കടക്കാനാവൂ എന്നും അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു.
ഈ വിധി സാമ്പത്തിക സംവരണത്തെ പ്രതികൂലമായി ബാധിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്നും എന്നാല്‍ 50% ലേക്ക് സംവരണ നിയന്ത്രണം ഏര്‍പ്പെടുത്തിയ, ക്രീമിലയര്‍ സംവിധാനം കൊണ്ടു വന്ന, മതിയായ സംവരണം എന്നത് പ്രാതിനിധ്യ സംവരണമല്ല എന്ന് വിധിക്കുകയും ചെയ്ത ഇന്ദ്ര സാഹ്നി കേസിനെ തന്നെ മറികടന്നുകൊണ്ടേ സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് മുന്നോട്ട് പോകാനാകൂ എന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സുദേഷ് എം രഘു ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
ഒട്ടനേകം അവ്യക്തതകളും ആശങ്കകളും ഈ വിധിയില്‍ നില നില്‍ക്കുന്നുണ്ടെന്നും അതിന്റെ ഭാഗമാണ് മുന്നാക്ക സംവരണത്തിന് 50% സംവരണ നിയന്ത്രണം ബാധകമാണോ എന്നതുപോലുള്ള അവ്യക്തതകളെന്നും പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ കെ.സന്തോഷ്‌കുമാര്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ മുന്നാക്ക സമുദായങ്ങളുടെ പിന്നാക്കാവസ്ഥ തെളിയിക്കാന്‍ നിലവില്‍ ഒരു കണക്കുമില്ലെന്നും ഇരക്കും വേട്ടക്കാരനും ഒരേ നീതി നടപ്പാക്കരുതെന്നും അദ്ദേഹം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
സംവരണത്തില്‍ അര്‍ഹരായ കൂടുതല്‍ പിന്നാക്ക സമുദായങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട്, സംവരണത്തിന്റെ തോതിനെ വികസിപ്പിച്ചുകൊണ്ട് 50% നിയന്ത്രണത്തെ മറി കടക്കുക തന്നെ ചെയ്യണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം റമീസ് ഇ.കെ അഭിപ്രായപ്പെട്ടു.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ച ചര്‍ച്ചാ സംഗമത്തില്‍ സംസ്ഥാന സെക്രട്ടറി ആദില്‍ അബ്ദുറഹീം അദ്ധ്യക്ഷത വഹിച്ചു.

