മരടിലെ ഫ്‌ലാറ്റിലെ താമസക്കാര്‍ കൈയേറ്റക്കാരോ കുടിയേറ്റക്കാരോ അല്ലെന്ന് കോണ്‍ഗ്രസ്

തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയും ജില്ലാ കളക്ടറും മുനിസിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെട്ട സമിതി ഫ്‌ലാറ്റ് ഉടമകളില്‍ നിന്നും മുനിസിപ്പല്‍ ഭരണ സമിതിയോടും വിവരശേഖരണം നടത്താതെ സുപ്രിം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട് ഗുരുതര ഉത്തരവാദിത്വ ലംഘനമാണ്

Update: 2019-09-12 13:02 GMT

കൊച്ചി: മരടിലെ ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് കൈയേറ്റക്കാരോ കുടിയേറ്റക്കാരോ അല്ലെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി ജെ വിനോദ്. ഒരു മനുഷ്യായുസ്സിലെ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളെ വിശ്വസിച്ചു നിയമപരമായി കൈവശപ്പെടുത്തിയ കിടപ്പാടമാണ് ഈ മനുഷ്യര്‍ക്ക് അന്യാധീനപ്പെട്ടു പോകുന്നത്. ഈ ഫ്‌ലാറ്റുകളുടെ ബില്‍ഡിങ് പ്ലാന്‍ അംഗീകരിച്ചതും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കിയതും അതാതുകാലത്തെ പ്രാദേശിക സര്‍ക്കാരുകളാണ്.

സംസ്ഥാന സര്‍ക്കാരിന് രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി ഉടമസ്ഥാവകാശം കരസ്ഥമാക്കിയവരോട് സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. ഉടമസ്ഥാവകാശം ലഭിച്ചു എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കൊടുക്കേണ്ട നികുതികള്‍ നല്‍കി 10 വര്‍ഷം ജീവിച്ച ഇടങ്ങളില്‍ നിന്നാണ് ഇവര്‍ക്ക് ഇറങ്ങിപ്പോരേണ്ടി വരുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയും ജില്ലാ കളക്ടറും മുനിസിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെട്ട സമിതി ഫ്‌ലാറ്റ് ഉടമകളില്‍ നിന്നും മുനിസിപ്പല്‍ ഭരണ സമിതിയോടും വിവരശേഖരണം നടത്താതെ സുപ്രിം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട് ഗുരുതര ഉത്തരവാദിത്വ ലംഘനമാണ്. സുപ്രിം കോടതി വിധിയുടെ പേരില്‍ 365 കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിടുന്നത് ഒരുതരത്തിലും അംഗീകരിക്കില്ലെന്നും ടി ജെ വിനോദ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 14ന് രാവിലെ 10ന് ഫ്‌ലാറ്റുകളിലെത്തി കുടുംബങ്ങളെ സന്ദര്‍ശിക്കും.

Tags: