മാവോവാദി കേസ്: ജി എന്‍ സായിബാബയെ വിടുതല്‍ ചെയ്ത ഹൈക്കോടതി വിധി സുപ്രിംകോടതി മരവിപ്പിച്ചു

Update: 2022-10-15 08:37 GMT

ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ജി എന്‍ സായിബാബയെ വിടുതല്‍ ചെയ്ത ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ വിധി സുപ്രിംകോടതി മരവിപ്പിച്ചു. അടുത്ത ഹിയറിങ് വരെ സായിബാബ ജയിലില്‍ കഴിയണമെന്നും കോടതി ഉത്തരവിട്ടു.

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റഎ വിധിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാരാണ് അപ്പീല്‍ നല്‍കിയത്. അവധി ദിനമായിട്ടും സുപ്രിംകോടതി പ്രത്യേക സിറ്റിങ് നടത്തിയാണ് വിധി മരവിപ്പിച്ചത്.

ജി എന്‍ സായിബാബയുടെയും മറ്റ് അഞ്ച് പ്രതികളുടെയും ഭാഗം കേള്‍ക്കാന്‍ സുപ്രിംകോടതി കേസ് ഡിസംബര്‍ 8ലേക്ക് മാറ്റി.

നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ നടത്തിയ വിചാരണ ഹൈക്കോടതി റദ്ദാക്കിയതിനുപിന്നാലെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. സായിബാബയെയും മറ്റുള്ളവരെയും ഉടന്‍ മോചിപ്പിക്കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

യുഎപിഎ പ്രകാരമാണ് സായിബാബയെയും മറ്റ് അഞ്ച് പേരെയും കോടതി കേസെടുത്തത്.

52 വയസ്സുളള സായിബാബ നിലവില്‍ നാഗ്പൂര്‍ ജയിലിലാണ്. 2014 ഫെബ്രുവരിയിലാണ് അദ്ദേഹം അറസ്റ്റിലായത്.

മഹാരാഷ്ട്രയിലെ ഗച്ച്‌റോളി ജില്ലയിലെ കോടതിയാണ് 2017ല്‍ സായിബാബയെയും ഒരു മാധ്യമപ്രവര്‍ത്തകനെയും ഒരു ജെഎന്‍യു വിദ്യാര്‍ത്ഥിയെയും അടക്കം മാവോവാദി ബന്ധത്തിന്റെ പേരില്‍ ജീവപര്യന്തം ശിക്ഷിച്ചത്. രാജ്യത്തിനെതിരേ യുദ്ധം ചെയ്യാന്‍ ശ്രമിച്ചെന്നാണ് കേസ്.

Tags:    

Similar News