മനുസ്മൃതിയല്ല ഇന്ത്യയുടെ വിശുദ്ധ ഗ്രന്ഥം ഭരണഘടനയാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍

സംസ്ഥാന വനിത കമ്മീഷന്റെ നേതൃത്വത്തില്‍ 'ഭരണഘടന' സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം സി ജോസഫൈന്‍.

Update: 2019-01-28 13:59 GMT

കൊച്ചി: മനുസ്മൃതിയല്ല ഇന്ത്യയുടെ വിശുദ്ധ ഗ്രന്ഥം ഭരണഘടനയാണെന്ന്് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. സംസ്ഥാന വനിത കമ്മീഷന്റെ നേതൃത്വത്തില്‍ 'ഭരണഘടന' സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം സി ജോസഫൈന്‍.

ശബരിമല സ്ത്രീ പ്രവേശനം സബന്ധിച്ച സുപ്രിംകോടതി വിധിയാണ് രാജ്യത്ത് ഭരണഘടന, ലിംഗ സമത്വം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ലിംഗ സമത്വത്തെക്കുറിച്ച് പരിമിതമായിട്ടാണെങ്കിലും 60 വര്‍ഷമായി കേരളത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ദേശീയതലത്തില്‍ അതുണ്ടായില്ല. സുപ്രിംകോടതി വിധിയോടെ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനായി.മൗലിക അവകാശങ്ങളെക്കുറിച്ച് പറഞ്ഞാല്‍ സ്ത്രീകളെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണെന്നും ജോസഫൈന്‍ പറഞ്ഞു. സമകാലീന സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഭരണഘടനാ സംബന്ധമായ ചര്‍ച്ച അനിവാര്യമാകുന്നത്. ഏതു സ്ത്രീ സൗഹാര്‍ദ്ദപരമായ വിധികള്‍ വരുമ്പോഴും ചില എതിര്‍ശബദങ്ങളുണ്ടാകുമെന്നും ഇവയെ ആണ്‍ ശബ്ദങ്ങള്‍എന്നു വിളിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും എം സി ജോസഫൈന്‍ പറഞ്ഞു.വിധിക്ക് ശേഷം സ്ത്രീവിരുദ്ധ ചിന്തകളുമുയര്‍ന്നത് കേരളം ഗൗരവമായി കാണണം. ഭരണഘടന നല്‍കുന്ന തുല്യത, ലിംഗ സമത്വം എന്നിവയെക്കുറിച്ച് സംവാദം തുടരണം. സുപ്രിംകോടതി വിധിക്ക് ശേഷം അത് പൊതു സമൂഹം എങ്ങനെയാണ് ഉള്‍ക്കൊണ്ടതെന്ന് വിശകലനം ചെയ്യണമെന്നും എം സി ജോസഫൈന്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ മതേതര സ്വഭാവമുള്ളതാണെന്നും എന്നാല്‍ അത് തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. തോമസ് എബ്രഹാം പറഞ്ഞു. ഭരണഘടനയെ മാറ്റിമറിക്കാനുള്ള നീക്കം രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റാനുള്ള ഗൂഡാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. എകെജിസിടി സംസ്ഥാന വനിതാ സബ് കമ്മറ്റി കണ്‍വീനര്‍ ഡോ.സുമി ജോയി ഒലിയപ്പുറം അധ്യക്ഷത വഹിച്ചു. എകെജിസിടി ജില്ലാ വനിതാ സബ് കമ്മറ്റി കണ്‍വീനര്‍ ഡോ. ടി എം സ്മിത, വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധ, അഡ്വ. ഷിജി ശിവജി , എകെജിസിടി ജില്ലാ പ്രസിഡന്റ് ഡോ. ഷജിലാ ബീവി, യൂണിറ്റ് സെക്രട്ടറി ഡോ. കെ പ്രകാശന്‍, കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ ബി ശില്‍പ, മാതൃകം കണ്‍വീനര്‍ വി ജി ദിവ്യ, ഡോ. ടി വി സുജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്ത സംവാദവും നടന്നു. 

Tags: