ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടാനിരുന്ന ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തി. ട്രെയിനിലെ എസ്-5 കോച്ചിന് കീഴിലാണ് അറ്റുപോയ നിലയില്‍ മനുഷ്യന്റെ കൈ കണ്ടെത്തിയത്. ഇന്നലെ രാത്രി ധന്‍ബാദില്‍ നിന്ന് ആലപ്പുഴയിലെത്തിയ ട്രെയിനിലാണ് കൈ കണ്ടെത്തിയത്. ട്രെയിന്‍ തട്ടി മരിച്ച ആരുടേതായിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ട്രെയിന്‍ പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കൈ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് എസ്-5 കോച്ച് പരിശോധനയ്ക്കായി പിടിച്ചുവെച്ച ശേഷം മറ്റു കോച്ചുകളുമായി ട്രെയിന്‍ യാത്രപുറപ്പെടുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.