കൊച്ചി: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടിസ്. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലാണ് നോട്ടിസ്. കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരേ സർക്കാർ നൽകിയ അപ്പീൽ ഹരജിയിലാണ് നോട്ടിസ്. ഹരജി ഈ മാസം 30 ന് വീണ്ടും പരിഗണിക്കും.
കെ സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ സെഷൻസ് കോടതി വിധി നിയമവിരുദ്ധമാണെന്നും പോലിസ് നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തതന്നുമാണ് സർക്കാരിൻ്റെ വാദം. പ്രതി നൽകിയ സാക്ഷിമൊഴി മാത്രം പരിഗണിച്ചാണ് കോടതിയുടെ നടപടി. തെളിവായി സ്വീകരിക്കാൻ കഴിയാത്ത രേഖകൾ പരിഗണിച്ചാണ് സെഷൻസ് കോടതിയുടെ നടപടിയെന്നും സർക്കാർ പറയുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയ്യക്ക് സ്ഥാനാർഥിത്വം പിൻവലിക്കാനായി കോഴ നൽകിയെന്നതാണ് സുരേന്ദ്രനെതിരേയുള്ള കേസ്.