പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ കൊവിഡ് ട്രൂനാറ്റ് പരിശോധനക്ക് 15 ലക്ഷം അനുവദിച്ച് മഞ്ഞളാംകുഴി അലി എം.എല്‍.എ

Update: 2020-07-24 05:36 GMT

പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ കൊവിഡ് ട്രൂനാറ്റ് ടെസ്റ്റിന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ. അറിയിച്ചു. ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും മരണപ്പെട്ടവരുടെയും സൗജന്യ പരിശോധനക്കായി 1000 കിറ്റുകള്‍ ഈ ഫണ്ട് ഉപയോഗിച്ച് വാങ്ങാനാണ് ഉദ്ദേശിക്കുന്നത്.

ജില്ലാ ആശുപത്രിയിലെ രക്തബാങ്കിന് ഐ.സി.എം.ആറിന്റെ അംഗീകാരത്തിന് വിധേയമായി പരിശോധനക്ക് അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ അധീനതയിലുള്ള സ്ഥാപനമല്ലാത്തതിനാല്‍ പ്രത്യേക അനുമതിയോടെ മാത്രമേ എം.എല്‍.എമാരുടെ ആസ്തിവികസന വിഹിതം വിനിയോഗിക്കാനാവൂ എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഫണ്ട് വിനിയോഗിക്കാന്‍ പ്രത്യേകാനുമതി തേടി എം.എല്‍.എ. ധനമന്ത്രിക്ക് കത്തുനല്‍കി. പ്രതിദിനം രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ഇത്തരം സഹായം ഗുണകരമാവുമെന്നും എം.എല്‍.എ. കത്തില്‍ പറയുന്നുണ്ട്