ഫോര്‍ട്ട് കൊച്ചിയില്‍ ഓവുചാല്‍ നിര്‍മാണത്തില്‍ കൃത്രിമം; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി
കൊച്ചി: ഓവുചാല്‍ നിര്‍മാണത്തില്‍ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് മന്ത്രി നിര്‍ദേശം നല്‍കി. ഫോര്‍ട്ടുകൊച്ചിയില്‍ ഓവുചാല്‍ പണിയില്‍ കൃത്രിമം കാട്ടിയതിനാണ് നടപടി സ്വീകരിക്കാന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. വീഴ്ച വരുത്തിയ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതിനു പുറമെ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്താനും നിര്‍ദേശിച്ചു.
മന്ത്രിതന്നെയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ നടപടിയെടുത്ത വിവരം പുറത്തുവിട്ടത്.
വെള്ളം കെട്ടിക്കിടക്കുന്ന ഓവുചാലില്‍ വെള്ളത്തിലേക്ക് സിമന്റ് തൂവുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്:
എറണാകുളം ജില്ലയിലെ ഫോര്‍ട്ട് കൊച്ചിയില്‍,ഡ്രെയിനേജ് നിര്‍മ്മാണത്തിന് കൃത്രിമം കാണിച്ച സംഭവത്തില്‍ പ്രവൃത്തി മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ അസിസ്റ്റന്റ്റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുവാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
