'ഒരിക്കലും ബിജെപിയിലേക്കില്ല'; വാര്‍ത്തകള്‍ തള്ളി മാണി സി കാപ്പന്‍ എംഎല്‍എ

Update: 2022-07-29 12:45 GMT

കോട്ടയം: ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി പാലാ എംഎല്‍എയും നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരള നേതാവുമായ മാണി സി കാപ്പന്‍. ഒരിക്കലും താന്‍ ബിജെപിയില്‍ പോവില്ലെന്നും മാധ്യമങ്ങളില്‍ വന്നത് തെറ്റായ വാര്‍ത്തയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. താന്‍ ബിജെപിയില്‍ ചേരുകയാണെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ ചില ദൃശ്യമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഘോഷിക്കുകയും ചെയ്തു.

ഒരു കാരണവശാലും ബിജെപിയിലേക്കില്ലെന്ന് താന്‍ തീര്‍ത്തുപറയുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ താന്‍ സംസാരിച്ചിട്ടില്ല. ഏറെ വര്‍ഷത്തെ ആത്മബന്ധമാണ് തനിക്ക് കെ സുധാകരനുമായിട്ടുള്ളത്. പാലായുടെ വികസനത്തിനു തടസം നില്‍ക്കുന്നവരാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. വാര്‍ത്തകള്‍ക്ക് പിന്നില്‍ തോറ്റ എംഎല്‍എയാണ്. എന്നാല്‍, ബിജെപി അധ്യക്ഷന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്ന് കാപ്പന്‍ സമ്മതിച്ചു. കേന്ദ്രസര്‍ക്കാരിന്റെ എട്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വന്നതെന്നായിരുന്നു കാപ്പന്റെ വിശദീകരണം.

''ഒരു സ്ഥലത്തേക്ക് ഇറങ്ങാന്‍ തിരക്കിട്ടുനിന്നപ്പോഴാണ് ഏതോ ഒരു ചാനല്‍ പ്രവര്‍ത്തകന്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്. അതിനുള്ള മറുപടിയിലാണ് ആര്‍ക്കും എവിടെയും പോവാമല്ലോ എന്ന് താന്‍ പറഞ്ഞത്. ആ ഒരു തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ.'' കെ സുധാകരനും ഞാനും തമ്മില്‍ 1978 മുതല്‍ വ്യക്തിബന്ധമുണ്ട്.

അദ്ദേഹം കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരത്തില്‍ മുന്നണിയില്‍നിന്നു വിട്ടുപോയ കക്ഷികളെയും പുതിയ കക്ഷികളെയും യുഡിഎഫില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നടത്തിയിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരുടെ തീരുമാനമാണെന്നാണ് താന്‍ പറഞ്ഞത്. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണെന്നും എന്നാല്‍ മുന്നണിയില്‍ അതുസംബന്ധിച്ച ചര്‍ച്ചയുണ്ടായിട്ടില്ലെന്നും പറഞ്ഞിരുന്നുവെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News