ജപ്തിക്കിടെ ആത്മഹത്യാ ശ്രമം നടത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു

Update: 2020-12-28 03:15 GMT
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്ഥലം ജപ്തിക്കിടെ ആത്മഹത്യാ ശ്രമം നടത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങയില്‍ സ്വദേശി രാജനാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. താല്‍കാലിക ഷെഡ് കെട്ടി താമസിക്കുകയായിരുന്ന രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ കഴിഞ്ഞ ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് രാജന്‍ തീ കൊള്ളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജന്റെ ഭാര്യ അമ്പിളിക്കും ഗുരുതരമായി പൊള്ളലേറ്റു.


ദേഹത്ത് പെട്രോള്‍ ഒഴിച്ചപ്പോള്‍ പൊലീസുകാരന്‍ ലൈറ്റര്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതാണ് തീപിടിക്കാന്‍ കാരണമെന്ന് രാജന്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് മരണം. നെയ്യാറ്റിന്‍കര കോടതിയില്‍ രാജനും അയല്‍വാസിയായ വസന്തയും തമ്മില്‍ ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഈ ഭൂമിയില്‍ അടുത്തിടെ രാജന്‍ വെച്ചുകെട്ടിയ താല്‍ക്കാലിക ഷെഡ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് രാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.